--> Skip to main content


Thacholi Othenan Story - തച്ചോളി ഒതേനൻ

Thacholi Othenan’s actual name is Mepayil Thacholi Manikoth Kovilakathu Kunji Othena Kurup. He successfully fought 64 duels in his short span of 32 years of life. The warrior was on his way home after defeating the Mathiloor Gurukkal when he was fatally shot on the sly by a disciple of Gurukkal. Below is Thacholi Othenna story in Malayalam - തച്ചോളി ഒതേനന് വടക്കന് പാട്ട്.

Birth year of Thacholi Othenan is believed to be Kolla Varsham 659 (1483 CE). He is believed to have died in Kollavarsham 691 (1515 CE) (തച്ചോളി ഒതേനന് മരിച്ച വര്ഷം).

വടക്കൻ കേരളത്തിലെ കളരി പയറ്റിനും, പരിശീലനത്തിനും നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. ചരിത്രത്തിൽ ഇടം പിടിച്ച കതിരൂർ ഗുരുക്കളും, തച്ചോളി ഒതേനനും, പയ്യമ്പള്ളി ചന്തുവടക്കം പല വീരന്മാരും അങ്കം വെട്ടുകയും മരിച്ചു വീഴുകയും ചെയ്ത ചരിത്രം വടക്കേ മലബാറിന് മാത്രം സ്വന്തം.

വടകരയിലെ മേപ്പയിൽ തച്ചോളി മാണിക്കോത്ത് കോവിലകത്തു കുഞ്ഞി ഒതേനനെന്ന ഒതേനന്റെ ജനനം. (ഉദയനൻ എന്നും പേരുണ്ടായിരുന്നു).
വടകര തലസ്ഥാനമായുള്ള മുപ്പതു കൂട്ടം കുറുംമ്പ്രനാട് (കടത്തനാട്) രാജകുടുംബത്തിൽ ഒന്നായിരുന്നു കുറുംബ്ര സ്വരൂപം എന്ന തച്ചോളി മാണിക്കോത്ത് കോവിലകം.

ഒതേനൻറെ ഗുരുവായിരുന്നു കതിരൂർ ഗുരുക്കൾ (മതിലൂർ ഗുരുക്കൾ) എല്ലാ അടവുകളും ആയോധന കലകളും മറ്റു ശിഷ്യന്മാരെയെന്ന പോലെ ഒതേനനെയും ഗുരുക്കൾ പഠിപ്പിച്ചിരുന്നു. ആയോധന കലയിലും അഭ്യാസ്സ മുറകളിലും മറ്റുള്ളവരേയെല്ലാം വളരെ പിന്നിലാക്കിയ ഒതേനൻ, തന്റെ കഴിവിൽ ഒരു പാട് അഹങ്കരിക്കുകയും ചെയ്തിരുന്നെന്ന് പറയപ്പെടുന്നു.

വടക്കേ മലബാറിൽ അറിയപ്പെടുന്ന യോദ്ധാവായിരുന്ന ചിണ്ടൻ നമ്പ്യാരുമായി അങ്കം കുറിച്ചതും അതെ അഹങ്കരത്താലായിരുന്നുവെന്നും പറയപ്പെടുന്നു. ഒതേനന്റെ ഉറ്റ മിത്രമായരുന്ന പയ്യമ്പള്ളി ചന്തു നമ്പിയാരുമായുള്ള അങ്കത്തിൽ നിന്ന് ഒതേനനെ പിൻതിരിപ്പിക്കാൻ നടത്തിയ ശ്രമം വിഫലമായി.

അങ്കത്തിൽ തന്റെ ആത്മ മിത്രമായ ഒതേനന് അപകട സാധ്യത മണത്തറിഞ്ഞ പയ്യംവെള്ളി ചന്തു മനസ്സില്ലാമനസ്സോടെ ഒതേനനെ പൂഴിക്കടകൻ പഠിപ്പിക്കുവാൻ തീരുമാനിച്ചു.

കളരിയിൽ നിഷിദ്ധമായ അടവാണ് ചതി പ്രയോഗമായ പൂഴിക്കടകൻ. അത് കൊണ്ട് തന്നെ ഗുരുക്കന്മാരാരും ശിഷ്യരെ പൂഴി കടകൻ പഠിപ്പിക്കുവാൻ മുതിരാറുമില്ല.

മറ്റു നിർവാഹമില്ലാത്ത അവസ്ഥയിൽ ഒരിക്കലും ദുരുപയോഗം ചെയ്യുകയോ, സ്വന്തം ജീവരക്ഷക്ക് വേണ്ടിയല്ലാതെ പ്രയോഗിക്കുകയില്ലെന്നും ഒതേനനെ കൊണ്ട് കളരി പരമ്പര ദൈവങ്ങളുടെ പേരിൽ സത്യം ചെയ്യിക്കുകയും ചെയ്ത ശേഷം പൂഴിക്കടകൻ പഠിപ്പിക്കുന്നു.

വാൾപയറ്റിനിടയിൽ കാൽ പാദം കൊണ്ട് മണ്ണ് കോരി എതിരാളിയുടെ കണ്ണിലടിക്കുകയും, കണ്ണ് മൂടിപ്പോകുന്ന അവസ്ഥയിൽ എതിരാളിയെ വെട്ടി വീഴ്ത്തുകയും ചെയ്യുന്നതാണ് പൂഴിക്കടകൻ.

സ്വന്തം ജീവന് ആപത്ത് ഒന്നും ഇല്ലായിരുന്നിട്ടും, ഒതേനൻ കൊലച്ചതിയായി അറിയപ്പെടുന്ന പൂഴിക്കടകൻ പ്രയോഗിച്ചു വീഴ്ത്തുകയും നമ്പിയാരുടെ ശിരച്ചേദം നടത്തുകയും ചെയ്യുന്നു.

പിന്നീട് ഒരിക്കലും ചെയ്ത സത്യം പാലിക്കാതിരുന്ന ഒതേനൻ പുന്നോറ കേളപ്പനും, പരുമല നമ്പിക്കുറുപ്പുമടക്കം പല വീരന്മാരേയും പൂഴിക്കടകൻ പ്രായോഗിച്ചു കീഴ്പ്പെടുത്തിയതായി പറയപ്പെടുന്നു.

ദിവസം കഴിയുംതോറും ഒതേനന്റെ പേരും പ്രശസ്തിയും വർദ്ധിച്ചു കൊണ്ടിരുന്നു.

ഒതേനന്റെ കഴിവുകളിലും, ആയോധന കലകളിലും, സാഹസികതയിലും ആകൃഷ്ടരായി സാമൂതിരി രാജാക്കന്മാർ പോലും ആദരിക്കുവാനും ബഹുമാനിക്കുവാനും തുടങ്ങി. എന്നാൽ ഗുരുവായ കതിരൂർ ഗുരുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടുകയെന്നത് സ്ഥിരം പതിവുമായിരുന്നു.

ഒരു ദിവസ്സം പ്രഭാതത്തിൽ ഒതേനൻ കാക്കാടൻ എന്ന് പേരായ മൂത്തഗുരുവുമായി കളരിപന്തലിൽ നടക്കുകയായിരുന്നു, അപ്പോൾ ഗുരുവായ കതിരൂർ ഗുരുക്കൾ പരിശീലനവും കഴിഞ്ഞു ശിഷ്യന്മാരുമായി എതിരേ വരികയുമായിരുന്നു. ഉടനെ ഒതേനൻ കാക്കാടൻ മൂത്ത ഗുരുക്കളോട് പരിഹാസ്സ രൂപത്തിൽ - “കതിരൂർ ഗുരുക്കൾ വരുന്നുണ്ടല്ലോയെന്നു വിളിച്ചു പറയുന്നു. മറുപടിയായി കാക്കാടൻ മൂത്ത ഗുരുക്കൾ, “തച്ചോളി ഒതേനാ കുഞ്ഞിഒതേന, ഗുരുക്കളോട് നിന്റെ കളി വെക്കരുതേ, പതിനായിരത്തിനും ഗുരുക്കളല്ലേ, നിന്റെയും, എന്റെയും ഗുരുക്കളല്ലേഎന്ന് ഉപദേശിക്കുന്നു.

മറുപടിയായി ഒതേനൻപതിനായിരം ശിഷ്യന്മാരുണ്ടെന്നാലും, എന്റെ ഗുരുക്കളുമാണെങ്കിലും കുഞ്ചാരനല്ലേ കുലമവനും, എന്റെ തല മണ്ണിൽ കുത്തുവോളം, കുഞ്ചാരനാചാരം ചെയ്യൂല്ല ഞാൻ.”

ക്ഷേത്രമുറ്റത്തേക്ക് കയറി വന്ന മതിലൂർ ഗുരുക്കൾ തന്റെ തോക്ക് അവിടെയുള്ള ഒരു പ്ലാവിൻമേൽ ചാരിവെച്ചു.

ഒതേനൻ അപ്പോൾ പരിഹാസത്തോടെ ചോദിച്ചു;

പൊൻകുന്തം ചാരും പിലാവുമ്മല്, മൺകുന്തം ചാരീയതാരാണെടോ”?

ശിഷ്യന്മാർക്ക് മുന്നിൽ വെച്ച് അപമാനിക്കപ്പെടുകയാൽ വ്രണിത ഹൃദയനായ കതിരൂർ ഗുരുക്കൾ ഒതേനനുമായി വാക്ക് പോരിൽ ഏർപ്പെടുകയും രണ്ടു പേരും പരസ്പരം വെല്ലുവിളിക്കുകയും ചെയ്യുന്നു, ഗുരുക്കളുടെ നാടായ ചുണ്ടാങ്ങാപ്പോയിലിൽ വച്ച് തന്നെ അദ്ദേഹത്തെ അങ്കത്തിൽ പരാജയപ്പെടുത്തുമെന്നു ഒതേനൻ വെല്ലുവിളിക്കുന്നു.

കുഞ്ചാരനായ എന്നാൽ പോരുന്നതും പോരാത്തതും പോന്നിയത്തരയാക്കൂന്നാട്ടെ ഒതേനായെന്നു ഗുരുക്കളും മറുപടി കൊടുക്കുന്നു.

പൊന്ന്യം അരയാൽ മുതൽ അങ്ങോട്ട് കാലങ്ങളിൽ ഏഴരക്കണ്ടമായിരുന്നു.

ശത്രുക്കളോടു ദയയില്ലാത്തവനും, മിത്രങ്ങളുടെ ആത്മ മിത്രവുമായിരുന്നു ഒതേനൻ.

അങ്ങിനെയാണ് തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊന്ന്യത്തെ ഏഴരക്കണ്ടം അങ്കത്തിനായി തിരഞ്ഞെടുത്തത്.

ഏതാണ്ട് അഞ്ഞൂറോളം വർഷങ്ങൾക്കു മുൻപ്, പതിനാറാം നൂറ്റാണ്ടിൽ (കൊല്ലവർഷം അറുന്നൂറ്റിതൊണ്ണൂറ്റിഒന്നിലാണെന്നാണ് നിഗമനം, കൃത്യമായ വർഷം ലഭ്യമല്ല)

കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കം വെട്ടി മരിച്ചു വീണ സ്ഥലമാണ് പൊന്ന്യം ഏഴരക്കണ്ടം. ആയോധനകലയിൽ ഗുരുസ്ഥാനീയനും പന്തീരായിരത്തിനു മുകളിൽ ധീരരായ ആയോധന കലാഅഭ്യാസികളും സ്വന്തമായുള്ള കതിരൂർ ഗുരുക്കളെ കോട്ടയം നാടുവാഴി തമ്പുരാനടക്കം എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

എനിക്കൊപ്പം പ്രമാണിയായി മറ്റൊരാളും വേണ്ടെന്ന ചിന്തയാവാം ഗുരുക്കളെ വകവരുത്തുവാൻ ഒതേനന് പ്രേരണയായത്.

കുംഭ മാസ്സം പത്തിനും, പതിനൊന്നിനുമായി അങ്കം കുറിക്കുവാൻ തീരുമാനിക്കുകയും, ഒൻപതാം തീയതി ജേഷ്ടനായ കുഞ്ഞിരാമനും, ഒതേനന്റെ പ്രവൃത്തികളുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന സഹായിയുമായ കണ്ടാച്ചേരി ചാപ്പനുമായി പൊന്ന്യത്ത് എത്തുകയും, ഏഴരക്കണ്ടത്തിൽ അങ്കത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുവെന്നുമാണ് ചരിത്രം.

പത്തിന് അങ്കം തുടങ്ങുകയും, ഇടയ്ക്കു പൊന്ന്യം അരയാലിൻറെ കീഴിലായി വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തെന്നുമൊക്കെ പഴമക്കാർ അവരുടെ പൂർവ്വികർ തലമുറകളായി കൈമാറിയിരുന്ന വിവരം വച്ചു പറയുമായിരുന്നു.


(പൊന്ന്യം പാലത്തിനടുത്ത് ഇപ്പോഴത്തെ ഓട്ടോസ്റ്റാന്റിനു എതിർ വശമായിരുന്നു പ്രസിദ്ധമായ പൊന്ന്യം അരയാലെന്നും കേട്ടിട്ടുണ്ട്. ഇപ്പോൾ പൊന്ന്യം അരയാൽ നിലവിലില്ല)

തുല്ല്യശക്തികളായ രണ്ടു പേരുടെ അങ്കത്തിൽ ആരും തോൽക്കാതെയും, ആരും ജയിക്കാതെയും അങ്കം തുടർന്നു കൊണ്ടിരുന്നു. അങ്കത്തിൻറെ ശക്തി കൊണ്ട് കാറ്റിനു പോലും വേഗത വർദ്ധിച്ചു കൊടുംകാറ്റായി മാറിയെന്നുമൊക്കെ വിശ്വാസ്സം നിലവിലുണ്ടായിരുന്നു. പണ്ട് കാലത്തിവിടെ കുംഭം പത്തിനും, പതിനൊന്നിനും വാഴക്ക് വെള്ളം നനക്കുകയോ, പുരകെട്ടാനുള്ള ഓല മടയുകയോ ചെയ്യാറില്ല,
കാറ്റിൽ വാഴ നിലം പൊത്തുമെന്നും, വീടുകളുടെ മേൽക്കൂര കാറ്റിൽ തകരുമെന്നുമൊക്കെയുള്ള വിശ്വാസങ്ങളായിരുന്നു കാരണം.

അന്തമില്ലാതെ തുടരുന്ന അങ്കത്തിൽ എല്ലാ ആയുധങ്ങളും പ്രയോഗിച്ചുവെങ്കിലും നിഷ്ഫലമാവുകയായിരുന്നു. ഒതേനനു അങ്കത്തിൽ വിജയം അനിവാര്യമായിരുന്നു, സ്വന്തം അഭിമാനം രക്ഷിക്കുകയെന്നതിനപ്പുറം വേറെ ഒന്നും മനസ്സിലുമില്ലായിരുന്നു. സ്വന്തം ജീവന് ഭീഷണിയൊന്നും ഇല്ലായിരുന്നിട്ടു കൂടി, ചെയ്ത സത്യം ഒരിക്കൽ കൂടി വിസ്മരിക്കുകയും, പൂഴിക്കടകൻ തന്നെ പ്രയോഗിക്കുകയും, തച്ചോളി ഒതേനനെ വീരശൂര പരാക്രമിയായ കടത്തനാട് വീരനാക്കി മാറ്റിയ കതിരൂർ ഗുരുക്കളുടെ കഴുത്ത് വെട്ടി വീഴ്ത്തുകയും അങ്ങിനെ അങ്കത്തിനു സമാപ്തിയാകുകയും ചെയ്തു.

അങ്കം കഴിഞ്ഞു തിരിച്ചു പോകുമ്പോൾ പകുതി വഴിയെത്തിയപ്പോഴാണ് മടിയായുധം അങ്കക്കളത്തിൽ നഷ്ടമായ കാര്യം ഓർമ്മയിൽ വന്നത്. മടിയായുധം എടുക്കാനായി തിരിച്ചു പോകാൻ തുടങ്ങിയ ഒതേനനെ ജേഷ്ടനായ കുഞ്ഞിരാമൻ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. മടിയായുധം വേറെയും വീട്ടിലുണ്ടെന്നും, കളരി നിയമ പ്രകാരം അങ്കം കഴിഞ്ഞു എതിരാളി മരിച്ചു വീണ പോർക്കളത്തിൽ തിരിച്ചു പോകുന്നത് അപകടമുണ്ടാക്കും എന്നുമായിരുന്നു കളരി നിയമത്തിലെ വിശ്വാസങ്ങൾ.

പേരുകേട്ട ധീരനായ പോരാളി പടയ്ക്ക് പോയിട്ട് ആയുധവും ഉപേക്ഷിച്ചു ഓടിയെന്ന ദുഷ്പേര് വരുമെന്ന് പറഞ്ഞു, ജേഷ്ഠൻറെ എതിർപ്പ് വക വെക്കാതെ ഒതേനൻ വീണ്ടും ഏഴരക്കണ്ടത്തിലേക്ക് തിരിച്ചു. പോർക്കളത്തിൽ ഒതേനന്റെ മടിയായുധം വീണു കിടക്കുന്നത് കതിരൂർ ഗുരുക്കളുടെ ശിഷ്യനായ പരുന്തുങ്കൽ എമ്മൻ പണിക്കർ കാണുന്നു, അഭിമാനിയായ ഒതേനൻ മടിയായുധം തേടി തിരിച്ചു വരുമെന്ന് കണക്കു കൂട്ടിയ എമ്മൻ പണിക്കർ ചുണ്ടങ്ങാപ്പൊയിലിലെ മായിൻകുട്ടിയെ നാടൻ തോക്കുമായി ഏഴരക്കണ്ടത്തിലേക്കയക്കുന്നു.

ഒതേനൻ ഏഴരക്കണ്ടത്തിൽ എത്തി ആയുധം എടുക്കുവാൻ തുടങ്ങുമ്പോൾ വരമ്പിൽ മറഞ്ഞു നിന്നിരുന്ന മായിൻകുട്ടി നാടൻ തോക്ക് കൊണ്ട് വെടി വെക്കുന്നു. ഉന്നം തെറ്റാതെയുള്ള വെടിയുണ്ട ഒതേനന്റെ മാറിടത്തിൽ തന്നെ തുളച്ചു കയറി.


(വെടി കൊണ്ട ഒതേനൻ നാലുഭാഗത്തും തിരിഞ്ഞു നോക്കിയെന്നും, ഓടി രക്ഷപ്പെടാൻ ശ്രമിച്ച മായിൻ കുട്ടിയെ കയ്യിലുണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞു കൊന്നുവെന്നുമുള്ള വിശ്വാസവും നിലവിലുണ്ട്)

വെടിയേറ്റ ശേഷം ഏഴരക്കണ്ടത്തിൽ നിന്നും പൊന്ന്യം അരയാലിൻറെ കീഴിൽ വരെ നടന്നു പോവുകയും അവിടെ വച്ചു തുണി കൊണ്ട് മാറിടത്തിൽ കെട്ടുകയും കുറച്ചു വിശ്രമിച്ച ശേഷം, വടകരയിലെ വീട്ടിലെത്തി എല്ലാവരുമായി അവസാനമായി സംസാരിക്കുകയും, ആർക്കൊക്കെ എന്തൊക്കെ കൊടുക്കണമെന്ന് പറയുകയും ചാപ്പനെ കൊണ്ട് മാറിടത്തിലെ കെട്ട് അഴിപ്പിച്ച ശേഷം മരിച്ചുവെന്നുമാണ് ചരിത്രം.

അങ്ങിനെ മുപ്പത്തിരണ്ടാം വയസ്സിൽ കടത്തനാടിൻറെ വീരപുത്രനായ തച്ചോളി ഒതേനൻ ലോകത്തോട് വിട പറഞ്ഞു.


മുപ്പത്തി രണ്ടു വയസ്സിനിടക്ക് അറുപത്തിനാല് അങ്കങ്ങൾ ജയിച്ച വീരനായകനെന്ന ഖ്യാതിയുമായി ഒതേനയുഗം അവസാനിച്ചു.

മരിക്കാൻ നേരം എല്ലാവരുടേയും കാര്യങ്ങൾ പറയുന്നതിനിടയിൽ ചാപ്പൻറെ പേര് മാത്രം പരാമർശിച്ചില്ല, അങ്ങിനെ ചാപ്പൻ തന്നെ ഒതേനനോട് ചോദിക്കുന്നു..

തച്ചോളി ഇളയ കുറുപ്പെന്നോരെ എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ, എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോ

മറുപടിയായി ഒതേനൻ പറയുന്ന വാക്കുകൾ ഇന്നും വടക്കേ മലബാറിൽ ജനങ്ങൾ പറയുന്ന വാചകങ്ങളാണ്

കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ,
നിനക്ക് തരാനേതുമില്ല ചാപ്പാ, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ, കെട്ടങ്ങഴിച്ചോരു നേരത്തില്, കിടന്നു മരിച്ചല്ലോ കുഞ്ഞി ഒതേനൻ”.

കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പായെന്ന അവസാന വാക്കിൽ ഒരു ദുരൂഹത അവശേഷിപ്പിക്കുന്നു. ഒതേനന്റെ അങ്കങ്ങളിൽ തന്ത്രങ്ങൾ മെനയുന്നവനും, ആയുധങ്ങളുടെ സൂക്ഷിപ്പ്കാരനുമായിരുന്നു കണ്ടാച്ചേരി ചാപ്പൻ, അങ്ങിനെയുള്ള ആളുടെ സാന്നിദ്ധ്യത്തിൽ മടിയായുധം എങ്ങിനെ അങ്കത്തട്ടിൽ നഷ്ടമായിയെന്നതു ദുരൂഹമാണ്.

ഇവിടെ ചാപ്പന്റെ ചോദ്യത്തിലും, ഒതേനൻറെ ഉത്തരത്തിലും രണ്ടു സൂചനകൾ ഉള്ളതായി കാണാം.

എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോയെന്നതിൽ, എന്റെ അശ്രദ്ധയിൽ ഒതേനനു വിഷമമുണ്ടോയെന്നുമാവാം, അല്ലെങ്കിൽ ചതി ചെയ്തതാണെങ്കിൽ ഒതേനന്റെ മനസ്സിൽ എന്തെങ്കിലും സംശയം ഉണ്ടോയെന്നു അറിയുകയുമാവാം.

ഒതേനൻറെ മറുപടിയിൽകൊണ്ട് പോയി കൊല്ലിച്ചോം നീയേ ചാപ്പാ
എന്നതിൽ നിൻറെ അശ്രദ്ധ മൂലം എനിക്കീ ഗതി വന്നു, അല്ലെങ്കിൽ നിന്റെ ചതി എനിക്ക് മനസ്സിലായിയെന്നു ബോധ്യപ്പെടുത്തുകയുമാവാം.

തച്ചോളി മാണിക്കോത്ത് മന ഇപ്പോൾ ക്ഷേത്രമാണ്, അവിടെ കുംഭം പത്താം തീയതി ഒതേനന്റെ തെയ്യം കെട്ടിയാടുന്നു. ലോകനാർ കാവിലമ്മ ഒതേനന്റെ ഇഷ്ടദേവതയായിരുന്നു. ശിവന്റെയും, ഭഗവതിയുടെയും, വിഷ്ണുവിന്റെയും പ്രതിഷ്ഠകളാണ് ലോകനാർ കാവിലുള്ളത്

അറുപത്തി നാല് അങ്കങ്ങൾക്കും പുറപ്പെടുന്നതിനു മുമ്പായി ഒതേനൻ ലോകനാർ കാവിലമ്മയുടെ അനുഗ്രഹം തേടിയിരുന്നു. പൂഴി കടകൻ ദുരുപയോഗം ചെയ്യില്ലെന്ന സത്യം പാലിക്കാതിരുന്നതാവം വെടി കൊണ്ടുള്ള മരണമെന്ന് വിശ്വസിക്കുന്നവരും ധാരാളം.

ഗുരുവിനു നേരേ ചതി പ്രയോഗമായ പൂഴിക്കടകൻ പ്രയോഗിക്കുകവഴി ശാപം ഏറ്റെന്ന് വിശ്വസിക്കുന്നവരും ധാരാളം.