--> Skip to main content


ഭദ്രകാളി ദാരികാസുര വധം കഥ

ഭദ്രകാളി ഭൂജാതയായത് ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നാണെന്ന് ഐതിഹ്യം. കാളിയുടെ ജന്മത്തിനിടയായ കഥ ദാരികനുമായി ബന്ധപ്പെട്ട താണ്.

ദാരികന്‍ മഹാക്രൂരനും ശക്തനുമായ ഒരു അസുരനായിരുന്നു. ഒരു പാടു കാലം ബ്രാഹ്മാവിനെ തപസ്സുചെയ്ത് വിശിഷ്ട മായ ഒരു വരം നേടി. ഒരു പുരുഷനും തന്നെ വധിക്കാന്‍ കഴിയരുത് എന്നായിരുന്നു വരം. വരം ലഭിച്ച അസുരന്‍ കൂടുതല്‍ ക്രൂരനും അഹങ്കാരിയുമായി മാറി. താനാണ് ഏറ്റവും ശക്തനെന്ന് സ്വയം പ്രഖ്യാപിച്ചു. ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി. എല്ലാ ദുര്‍ഗുണങ്ങളുടെയും വിളനിലമായി മാറി ദാരികന്‍.

രക്ഷയില്ലാതായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു. പരമേശ്വരന്‍ തൃക്കണ്ണില്‍ നിന്നും പുതിയൊരു ശക്തിസ്വരൂപിണിയെ സൃഷ്ടിച്ചു. ചോരക്കൊതി പൂണ്ട ഭീകരമൂര്‍ത്തിയായ ഭദ്രകാളി!

അസുരനെ വധിക്കാന്‍ പതിനെട്ടായുധം മഹാദേവനില്‍ നിന്നും വാങ്ങുന്നു. വാഹനമായി ആദി കൈലാസ വേതാളത്തെയും ലഭിച്ചു. കാളി വേതാളത്തോട് എന്നെയെടുപ്പാന്‍ ബലം പൊരുമോ? എന്നു ചോദിച്ചപ്പോള്‍ ”നിന്നെയും നിന്റെ പെരും പടയെ ആകെയും എടുക്കാന്‍ ബലം പോരുംഎന്നാണ് വേതാളം മറുപടി പറഞ്ഞത്.

പന്തീരാണ്ടായി വയറുനിറയാതെ കിടക്കുന്ന വേതാളത്തിന് ദാരികന്റെചങ്കും കരളുംനല്‍കാമെന്ന് കാളി വാഗ്ദാനം ചെയ്തു. വേതാളത്തിന്റെ ചുമലിലേറി ദേവി ദാരികന്റെ മാമലയിലേക്ക്നടകൊണ്ടു. കാലകേയിയില്‍ നിന്നും സൂത്രത്തില്‍ കാളീമന്ത്രം കൈവശപ്പെടുത്താന്‍ ദേവിക്ക് കഴിഞ്ഞു.

ആദിത്യ ഭഗവാനും ചന്ദ്ര ഭഗവാനും മഹിഷഭഗവാനും വേതാളവും ദാരികന്റെ കോട്ടയുടെ നാലുഭാഗത്തും പടനിരത്തി. കാളിയും അസുരനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ഏഴു രാവും പകലും നീണ്ടയുദ്ധം!

ഒന്നാം മണിമാടം കിഴിഞ്ഞ ദാരികന് ഒരാനയുടെ ബലം കുറഞ്ഞു. ഇങ്ങനെ ഏഴാം മണിമാടം കിഴിഞ്ഞ ദാരികന്റെ ബലവീര്യമെല്ലാം കുറഞ്ഞുപോയി. കാളി ദാരികന്റെ മുടിചുറ്റിപ്പിടിച്ച് ചുഴറ്റി തൃപ്പടിക്കൊരടികൊടുത്തു. ഈരേഴുലോക ങ്ങളും വിറച്ചു.

ദാരികനെ എവിടെ വെച്ച് കൊല്ലണമെന്ന് കാളി ചിന്തിച്ചു. മേല്‍ലോകത്തുവെച്ചറുത്താല്‍ നക്ഷത്രാദികളുടെ ബലം കുറയും. ഭൂമിയില്‍ വെച്ചറുത്താല്‍ ഭൂമിദേവിയുടെബലം കുറയും. ഒടുവില്‍ എട്ടാം ദിവസം തൃസന്ധ്യാനേരത്ത് വേതാളത്തിന്റെ നാവിന്മേല്‍വെച്ച് കരം കൊണ്ട് കീറി കാളി ദാരികന്റെ രക്തം കുടിച്ചു. പച്ചയിറച്ചി ഭൂതഗണങ്ങള്‍ക്കു നല്‍കി. ദാരികന്റെ തല പിതാവിനു കാഴ്ചവെച്ചു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി അടങ്ങിയില്ലത്രെ. പരമേശ്വരന്‍ കാളിയെ ശാന്തയാക്കി ഭൂമിയിലേക്ക് പറഞ്ഞയച്ചുവെന്നാണ് ഐതിഹ്യം.