--> Skip to main content


Madappally Arakkal Kadappurath Bhagavathi Temple – Festival – History In Malayalam

 Madappally Arakkal Kadappurath Bhagavathi temple is located at Madappally in Kozhikode district, Kerala. The temple is dedicated to Goddess Bhagavathi and Her Daughter. The annual festival in the temple begins on Rohini Nakshatra in Meena Masam (March – April). The annual Pratishta festival in the temple is held in Kumbha Masam.

Mother Goddess Bhagavathi and her daughter, who arrived from the Himalayas, was denied a place to reside by the King of Neeleswaram. The message was sent to the king through Velichappadu or oracle Thaimukayan of Thikkadappuram.

The priest of Thali Temple at Neeleswaram too had a dream of Bhagavathy asking for a place to reside. The king was no mood to give Bhagavathy a place in his kingdom. The king also challenged the Goddess to convert the unfathomable Edathur Azhi or estuary into land and reside there.

Thaimukayan of Thikkadappuram again got a divine intervention and reached the estuary in a boat and offered karpooram on a lotus. Suddenly there was whirlpool. There was lighting and thunder and a land appeared closing the estuary. The water rose in the river and entered Thali Temple at Neeleswaram. A worried realized the power of Goddess Bhagavathi.

He soon directed for a temple to be built for Bhagavathy at Thikkadappuram. A decision to conduct Valiyavattalam guruthi offering and Utsava Elatham was made.

Soon Edathur Azhi split into seven pieces and a land arose and temple was built here.

The temple is only open on Sankramana day the last day of a Malayalam month and during other auspicious days.

Story Of Madappally Arakkal Kadappurath Bhagavathi Temple In Malayalam

ദേവലോകത്ത് നിന്നും മഹാവിഷ്ണുവിന്റെ അനുഗ്രഹം കൈകൊണ്ട് പുറപ്പെട്ട ദേവിമാർ (അമ്മയും മകളും) ഹിമാലയത്തിലെത്തി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് കൂടുതൽ ശക്തിചൈതന്യങ്ങളാർജ്ജിച്ച് ആര്യക്കെട്ടും കടന്നു മലയക്കെട്ടിലെത്തി ഇരിപ്പുറപ്പിച്ചു.

ഒരു നാൾ തന്ത്രിക്ക് പന്തിയിൽ പിഴച്ചതിൽ അതൃപ്തരായ അമ്മയും മകളും മലയക്കെട്ടിറങ്ങി അളളട (നീലേശ്വരം) നാട്ടിലെത്തി. സാക്ഷാൽ നീലകണ്ഠേശ്വരന്റെ ദേശമായ നീലേശ്വരം എന്ന ദേവഭൂമിയുടെ പ്രകൃതിയിലും സൗന്ദര്യത്തിലും ആകൃഷ്ടരായ ദേവിമാർ അവിടെ ഇരിപ്പിടം ആഗ്രഹിച്ചു. തൈക്കടപ്പുറത്തെ തൈമുകയന് ദൈവനിയോഗമുണ്ടായി. അമ്മക്കും മകൾക്കും ഇരിക്കാൻ ഇരിപ്പിടം വേണമെന്ന അഭീഷ്ടം അരുളപ്പാടായി വന്നു. എന്നാൽ നിലേശ്വരം രാജാവ് ആഗ്രഹത്തെ പരിഗണിച്ചില്ല.

തുടർന്നു നീലേശ്വരം തളിക്ഷേത്രത്തിലെ ശാന്തിക്ക് ദൈവനിയോഗമുണ്ടായി. അമ്മക്കും മകൾക്കും ഇരിക്കാൻ ഇരിപ്പിടം വേണമെന്ന ആവശ്യം ആവർത്തിക്കപ്പെട്ടു. എന്നാൽ അരുളപ്പാടിനും രാജാവിൽ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. മാത്രമല്ല അത്രയ്ക്ക് ശക്തിയുളള ദേവിമാരാണെങ്കിൽ നൂലിട്ടാൽ നൂലെത്താത്ത (ആഴം കാണാത്ത) എടത്തൂർ അഴി കരയാക്കി ഇരുന്നോട്ടെ എന്നും പ്രതികരിച്ചുവത്രെ.

വീണ്ടും നിയോഗമുണ്ടായ തൈമുകയൻ കോയ്മയും മാടമ്പിമാരുമൊത്ത് ഒരു ചങ്ങാടത്തിൽ പുഴമദ്ധ്യത്തിലെത്തി. താമരയിളതിൽ കർപ്പൂരം തെളിയിച്ച് പുഴ മദ്ധ്യത്തിൽ സമർപ്പിച്ചു. താമരയിതളും കർപ്പൂര ദീപവും അതിവേഗം വട്ടം ചുറ്റി. ഒരു ചുഴി രൂപപ്പെട്ടു. ദീപം ചുഴിയുടെ ആഴങ്ങളിലേക്ക് താണു പോയി.

പെട്ടെന്ന് അകാലത്തിൽ ഇടിവെട്ടി. മണൽകൂമ്പാരമുയർന്നു. അഴിമുഖം അടഞ്ഞു. മാനം കറുത്തിരുണ്ട് അതിശക്തമായ ഇടിമിന്നലും കാറ്റും കോളും ആരംഭിച്ചു. വെളളമുയരാൻ തുടങ്ങി. പ്രളയജലം കിഴക്കോട്ടൊഴുകി തുടങ്ങി ആളുകൾ ഭയവിഹ്വലരായി . പ്രളയജലത്തിന്റെ പ്രകമ്പനം തളിക്ഷേത്രചിറയിൽ വരെ അലയടിച്ചു. ചിറമതിലിന്റെ ഒരു ഭാഗം തകർന്നു. ദേവിമാരുടെ ശക്തി ബോദ്ധ്യപ്പെട്ട രാജാവ് ജ്യോതിഷിയെ വരുത്തി ജ്യോതിഷ പ്രശ്നചിന്ത നടത്തി. പ്രശ്നചിന്തയിൽ ദേവിമാരുടെ സാന്നിദ്ധ്യം തെളിഞ്ഞു. പരിഹാരാർത്ഥം അമ്മക്കും മകൾക്കും ഇരിക്കാൻ ഇടം നൽകാമെന്നും തൈക്കടപ്പുറത്ത് ക്ഷേത്രം പണിത് കുടിയിരുത്താമെന്നും വലിയ വട്ടളം ഗുരുതി നടത്താമെന്നും ഉൽസവ ഏളത്തം നടത്താമെന്നും തീരുമാനമുണ്ടായി.

ഏവരെയും സ്തബ്ദരാക്കിക്കൊണ്ട് എടത്തൂർ അഴി-ഏഴായി മുറിഞ്ഞു. ഒരു കര ഉയർന്നുവന്നു. അവിടെ ക്ഷേത്രം പണിത് അമ്മ ഭഗവതിയെയും മകൾ ഭഗവതിയെയും കുടിയിരുത്തി. ഏളത്തം നടത്തിപ്പിനായി പെണ്ണെണ്ണി പണം തെങ്ങെണ്ണി തേങ്ങ വയലെണ്ണി കറ്റ തൊഴുപണം എന്നിങ്ങനെ ശേഖരിക്കണമെന്നും ഏളത്തത്തിന് അഞ്ഞൂറ് ലോകരും നാല് മാടമ്പിമാരും കോയ്മയും ഉണ്ടായിരിക്കണമെന്നു അരുളപ്പാടുണ്ടായി.

"കാലം കടന്നു പോയി" ഉപജീവനാർത്ഥം കടലിൽ വളളമിറക്കിയ ഒഞ്ചിയം മുകയനും കോട്ടിക്കൊല്ലം മുസ്ലിമും കാറ്റിലും കോളിലും പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് ദിശതെറ്റിയ വളളം വടക്ക് ദിക്കിലേക്കാണൊഴുകിയത്. കാറ്റും കോളുമടങ്ങിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. വെളിച്ചം കണ്ട ദിക്കിലേക്ക് അവർ തോണിയടുപ്പിച്ചു. അത് തൈക്കടപ്പുറം കടപ്പുറത്ത് ഭഗവതിക്ഷേത്രമായിരുന്നു. അവിടെ ഉൽസവം നടക്കുകയാണ്. രണ്ടു പേരും അവിടെ മനം നൊന്തു പ്രാർത്ഥിച്ചു. മാത്രമല്ല കടൽ വൃത്തിയിൽ എന്തു ലഭിച്ചാലും പകുതി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കാമെന്നു നേർച്ച നേരുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ തോണിയിറക്കിയ അവരുടെ മുന്നിൽ തലേന്നത്തെ കാറ്റിലും കോളിലും പെട്ട് ദിശ തെറ്റിയ നിലയിൽ ഒരു പായക്കപ്പൽ എത്തി. പതിനാലു പായകൾ കെട്ടിയ ഒരു വമ്പൻ പായ്ക്കപ്പൽ. പായ്മരത്തിനു മുകളിലായി രണ്ടു പഞ്ചവർണ്ണക്കിളികൾ. കപ്പലിനു ശരിയായ ദിശ കാണിച്ചു കൊടുത്തു. മുന്നോട്ട് നയിച്ചു. സന്തുഷ്ടരായ കപ്പലുകാർ അവർക്ക് പൊന്നും പണവും സമ്മാനിച്ചു. എന്നാൽ തങ്ങളുടെ വഴിപാട് മറക്കാതിരുന്ന ഒഞ്ചിയം മുകയനും കോട്ടിക്കൊല്ലൻ മുസ്ലീമും വീണ്ടും തൈക്കടപ്പുറത്ത് ക്ഷേത്രത്തിലെത്തി. തങ്ങൾക്ക് ലഭിച്ചതിൽ പകുതി അവിടെ സമർപ്പിച്ചു. അനന്തരം രണ്ട് പേരും തോണിയിറക്കി നാട്ടിലേക്ക് തുഴഞ്ഞു. പെട്ടെന്ന് തോണി അസാധാരണമായൊന്നുലഞ്ഞു. കാരണമറിയാൻ നോക്കിയ അവർ കണ്ടത് പായക്കൊമ്പത്ത് കപ്പലിന്റെ പായ്മരത്തിൽ കണ്ട പഞ്ചവർണ്ണക്കിളികളെയാണ്. അവരുടെ പ്രവൃത്തിയിലും സത്യസന്ധതയിലും സംപ്രീതരായ ദേവിമാർ പഞ്ചവർണ്ണക്കിളികളുടെ രൂപത്തിൽ കൂടെ പോരുകയായിരുന്നു.

കറുകച്ചാൽ മുക്കാൽ വട്ടം (പിന്നീട് മടപ്പളളി) എന്ന പുണ്യഭൂമിയിൽ തോണിയടുത്തു. ആമ്പൽ പൊയ്കാ തീരത്ത് വെച്ച് ഒഞ്ചിയം മുകയനു ദേവതാദർശനമുണ്ടായി. അമ്മക്കും മകൾക്കും ഇരിക്കാൻ ഇടം വേണമെന്നും ദാഹമകറ്റണമെന്നും അരുളപ്പാടുണ്ടായി. നിയോഗാവസ്ഥയിൽ അദ്ദേഹം പാഞ്ഞോടിയെത്തിയത് മടപ്പളളി പൊന്നൻ തറവാട്ട് വീട്ടിലാണ്. അവിടെ വെച്ച് നറും പാലും തുടർന്നു ഇളനീരും ആദരപൂർവ്വം സമർപ്പിച്ചു. പൂരം നാളിൽ മടപ്പളളി പൊന്നൻ തറവാട്ടിൽ നിന്നും പുറപ്പെടുന്ന പാലെഴുന്നളളതും അറക്കൽ ക്ഷേത്രത്തിലെ ഇളനീരാട്ടവും സ്മരണ പുതുക്കുന്നതാണ്.

ആമ്പൽ പൊയ്കാതീരത്ത് വെച്ച് ഒഞ്ചിയം മുകയന് ദർശനമുണ്ടായ സ്ഥലത്തു നിന്നാണ് ആറാട്ടിൻനാളിൽ താലപ്പൊലി പുറപ്പെടുന്നത്. അമ്മ, മകൾ ഭഗവതിമാരെ മടപ്പളളി പൊന്നൻ തറവാട്ടിൽ കുടിയിരുത്തി ക്ഷേത്രം പണിയാനും കോട്ടിക്കോല്ലൻ മുസ്ലിമിന് പളളി പണിയാനുമുളള സ്ഥലം മുട്ടുങ്ങൽ അരചനാൽ അനുവദിക്കപ്പെട്ടു. രണ്ട് ആരാധനാലയങ്ങൾക്കും സ്ഥാനനിർണ്ണയം നടത്തി കുറ്റി അടിച്ചു. എന്നാൽ ക്ഷേത്രത്തിനും പളളിക്കും അടിച്ച കുറ്റികൾ പരസ്പരം മാറിയതായാണ് പിറ്റെ ദിവസം കണ്ടത്. ഇത് ദേവഹിതമാണെന്ന് കണ്ട് പുതിയ സ്ഥാനത്ത് ക്ഷേത്രം പണിത് അമ്മ ഭഗവതിയെയും മകൾ ഭഗവതിയെയും പ്രതിഷ്ഠിച്ചു. അങ്ങിനെ കറുവച്ചാൽ മുക്കാൽവട്ടം മടപ്പളളി എന്ന അറക്കലമ്മ വാഴുന്നിടമായി.

അറക്കൽ ഭഗവതിക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ അമ്മ, മകൾ ഭഗവതിമാരാണ്. ആദ്യം അമ്മ ഭഗവതി, തൊട്ട് വലതു വശം മകൾ ഭഗവതി. ദൈവത്താർ, ശ്രീപോതി (കൂടെയുളളോർ), കുട്ടിച്ചാത്തൻ, ഗുളികൻ, ഗുരു, നാഗം, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ എന്നീ ഉപദേവതമാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്.

ആദ്യകാലത്ത് പടിഞ്ഞാറ് മുഖമായിരുന്നു. പിന്നീട് ജ്യോതിഷ പ്രശ്നവിധി പ്രകാരം കിഴക്ക് മുഖമായി മാറ്റി പ്രതിഷ്ഠിച്ചു. അങ്ങിനെ ഉഗ്രസ്വരൂപിണിയായ ഭഗവതിമാർ ശാന്തഭാവം കൈവരിച്ചു.

Upa Devatas At Madappally Arakkal Kadappurath Bhagavathi Temple

ഉപദേവതമാർ

ദൈവത്താർ

മകൾ ഭഗവതിയുടെ തൊട്ടുവലത് ഭാഗത്താണു ദൈവത്താർ സ്ഥാനം. കിഴക്കുമുഖം. കിരാതമൂർത്തിയാണു ദൈവത്താർ. പരമശിവന്റെ കാട്ടാളരൂപമാണ് കിരാതമൂർത്തി.ഭഗവതിമാരുടെ യാത്രയിൽ വഴിതടഞ്ഞ ദൈവത്താറുമായി ഏറ്റുമുട്ടലുണ്ടായി. പിന്നോട്ട് നടന്നു പ്രതിരോധിച്ച ദൈവത്താറിനു രാജ്യാതിർത്തിയായ രാമന്തളി കടന്നതോടെ ശക്തിക്ഷയം സംഭവിച്ചു. തിരിച്ചറിവുണ്ടായ ദൈവത്താർ കൂടെപ്പോന്നോട്ടെയന്ന ആഗ്രഹത്തിന് മൗനമായി പിന്തുടർന്നോളാൻ അനുവദിച്ചു. വിട്ടുപിരിയാത്ത സൗഹൃദത്തിന്റെ അടയാളമായി ദൈവത്താറിനു വലത് ഭാഗത്ത് സ്ഥാനം നൽകി.

ശ്രീപോതി (കൂടെയുള്ളോർ)

ദൈവത്താറിനു വലതുഭാഗം പടിഞ്ഞാറു മുഖം. പരിചാരകസങ്കൽപത്തിലുളള ദേവതയായതിനാൽ കൂടെയുള്ളോർ എന്നും വിളിക്കുന്നു. ദേവിമാരുടെ കറുകച്ചാൽ മുക്കാൽ വട്ടത്തേക്കുളള യാത്രയിൽ അഴീക്കൽ കോടി വച്ചാണത്രേ ശ്രീപോതി കൂടെ ചേരുന്നത്. ദൈവത്താർ, ശ്രീപോതി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേവതമാർ മറ്റു ക്ഷേത്രങ്ങളിലുമുണ്ട്. എന്നാൽ ദേവതാ സങ്കൽപങ്ങൾ വ്യത്യസ്തമാണ്.

കുട്ടിച്ചാത്തൻ

ദൈവത്താറിനു കിഴക്ക് ഭാഗത്തായി പടിഞ്ഞാറു മുഖം. ശിവപുത്രനാണു കുട്ടിച്ചാത്തൻ. വളളുവവേഷത്തിൽ ഭൂമിയിൽ അവതരിച്ച ശിവപാർവ്വതിമാർക്ക് പിറന്നു, മക്കളില്ലാത്ത ശിവഭക്തനായ കാളക്കാട്ട് ഇല്ലത്ത് നമ്പൂതിരി വളർത്തിയ ശാസ്തൻ ആണു കുട്ടിച്ചാത്തൻ എന്നാണ് ഐതിഹ്യം. പതിനെട്ട് ബ്രാഹ്മണകുടുംബങ്ങൾ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ് ആയുധവിദ്യയിലും മായാവിദ്യയിലും അദ്വിതീയനായ കുട്ടിച്ചാത്തൻ.

ഗുളികൻ

ക്ഷേത്രസമുച്ചയത്തിന്റെ തെക്ക് കിഴക്കേ ഭാഗത്താണ് ഗുളികനു സ്ഥാനം. നാഗരൂപിയായ ഗുളികൻ ശിവാംശമാണ്. പരമശിവന്റെ ഇടത് തൃക്കാലിന്റെ പെരുവിരലിൽ നിന്നുമാണ് ഗുളികന്റെ പിറവി. അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമാണ് ഗുളികൻ. നല്ലതും ചീത്തയുമായ എല്ലാ കർമ്മത്തിലും ഗുളികന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം.

ചിത്രകൂടം

ശ്രീപോതി സ്ഥാനത്തിനു പടിഞ്ഞാറു ഭാഗത്ത് വടക്ക് മുഖമായിട്ടാണു നാഗങ്ങൾക്കുളള ചിത്രകൂടം. അമ്മഭഗവതിയെ സങ്കൽപിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ ഉപദേവതയായി നാഗദേവതകളുടെ സാന്നിദ്ധ്യമുണ്ടാവും.ആയില്യം നക്ഷത്രമാണു നാഗപൂജയ്ക്ക് ഉത്തമം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാഗപൂജ നടത്തുന്നു. സർപ്പദോഷമുളളവർ, സന്താനമില്ലായ്മക്കും ത്വക് രോഗങ്ങൾക്കും കുടുംബഛിദ്രത്തിനും പരിഹാരം തേടിയും നാഗപൂജയും വഴിപാടുകളും നടത്താറുണ്ട്. മഹാവിഷ്ണുവിന്റെ ശയ്യയായ അനന്തൻ, ശിവന്റെ കണ്ഠത്തിനലങ്കാരമായ വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, കാളിയൻ, ശംഖപാശൻ എന്നിവയാണ് പ്രധാന നാഗദേവതകൾ.

വിഷ്ണുമൂർത്തി

ക്ഷേത്രസമുച്ചയത്തിനു വടക്ക് പടിഞ്ഞാറെ ഭാഗത്താണു വിഷ്ണുമൂർത്തി സ്ഥാനം. കിഴക്ക് മുഖം. വൈഷ്ണവാംശമാണ് നരസിംഹരൂപിയായ വിഷ്ണുമൂർത്തി. പാലന്തായി കണ്ണൻ ആണ് മംഗലാപുരത്ത് നിന്നും വിഷ്ണുമൂർത്തിയെ തന്റെ ചുരികയിൽ ആവാഹിച്ച് അളളടനാട്ടിൽ എത്തിച്ചത്. നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠേശ്വരക്ഷേത്രമാണു വിഷ്ണുമൂർത്തിയുടെ പ്രധാന ദേവസ്ഥാനം. അളളട സ്വരൂപവുമായുളള പൂർവ്വ ബന്ധമാണ് വിഷ്ണുമൂർത്തിയും ദേവിമാരെ അനുഗമിച്ചെത്താനുളള ഇവിടെ സ്ഥാനം കൽപ്പിക്കാനുമുളള കാരണം.

ക്ഷേത്രപാലകൻ

ക്ഷേത്രത്തിന്റെ കാവൽക്കാരനാണ് ക്ഷേത്രപാലകൻ. ക്ഷേത്രസമുച്ചയത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ആണ് ക്ഷേത്രപാലന് സ്ഥാനം കൽപിച്ചിട്ടുളളത്. അളളട സ്വരൂപത്തിന്റെ കുലദൈവം ആണ് ക്ഷേത്രപാലകൻ. ആദിപരാശക്തിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഇടങ്ങളിൽ ക്ഷേത്രസംരക്ഷനായി കാലഭൈവരവൻ ആയ ക്ഷേത്രപാലകൻ ഉണ്ട്.

കൊടുങ്ങല്ലൂരിൽ നിന്നുമാണ് ദേവകൽപനപ്രകാരം ക്ഷേത്രപാലകൻ നെടിയിരുപ്പ് സ്വരൂപത്തിലെത്തുന്നത്. സഹചാരികളായ വൈരജാതൻ, വേട്ടക്കൊരു മകൻ എന്നിവരുമൊത്ത് പന്ത്രണ്ട് വർഷക്കാലം പയ്യന്നൂർ പെരുമാളിനെ തപസ്സ് ചെയ്ത് അളളട സ്വരൂപം കീഴടക്കി. അളളട സ്വരൂപവുമായുളള ബന്ധവും അറക്കൽ ക്ഷേത്രത്തിൽ ക്ഷേത്രപാലകന് സ്ഥാനം കൽപ്പിക്കുവാൻ അടിസ്ഥാനമായി.

ഗുരു 

ദേവിമാർ കറുകച്ചാൽ മുക്കാൽ വട്ടത്ത് എത്തിച്ചേരാൻ കാരണഭൂതനായ മഹാത്മാവ് ആണ് ഗുരു. ക്ഷേത്രസമുച്ചയത്തിന്റെ തെക്കു പടിഞ്ഞാറെ കോണിലാണ് ഗുരുവിന്റെ സ്ഥാനം.

ആമ്പൽപൊയ്ക

ക്ഷേത്രത്തിനും കടലിനുമിടയിൽ നിറയെ വെളളത്താമര വിരിഞ്ഞു നിൽക്കുന്ന ജലാശയമാണ് ആമ്പൽപൊയ്ക. കടലിനു തൊട്ടടുത്താണെങ്കിലും വെളളത്തിനു ഉപ്പുരസമില്ല. ആമ്പൽപൊയ്കക്ക് ക്ഷേത്രഐതിഹ്യവുമായി അഭേദ്യബന്ധമാണുളളത്. ആദിയിൽ ഒഞ്ചിയം മുകയനു ദർശനനിയോഗമുണ്ടായത് ആമ്പൽപൊയ് തീരത്ത് വെച്ചാണ്. ആറാട്ടുനാളിൽ അതിപ്രധാന ചടങ്ങായ താലപ്പൊലി പുറപ്പെടുന്നത് സ്ഥലത്ത് നിന്നുമാണ്. ആമ്പൽ പൊയ്കയുടെ വടക്കേ ചാലിലാണ് തർപ്പണം നടക്കുന്ന പൊടിക്കളം.

Original Temple Of Madappally Arakkal Kadappurath Bhagavathi Temple

മൂലസ്ഥാനം

നീലേശ്വരം തൈക്കടപ്പുറത്ത് എടത്തൂർ അഴി ഏഴായി മുറിഞ്ഞ് പൊന്തിവന്ന കരയാണ് മൂലസ്ഥാനം. അവിടെ അറയും നിലവും ക്ഷേത്രത്തിനു സ്വന്തമായുണ്ട്. ഉത്സവനടത്തിപ്പിന്റെ സൗകര്യത്തിനും സാധനങ്ങൾ സൂക്ഷിക്കാനുമായി പടിഞ്ഞാറ്റം കൊഴുവലിൽ ഭണ്ഡാരപ്പുരയമുണ്ട്.

പിന്നെയും കാലമേറെ പിന്നിട്ടപ്പോൾ തൈക്കടപ്പുറം മൂലസ്ഥാനത്തെ കടപ്പുറത്ത് ഭഗവതിക്ഷേത്രം കടലേറ്റത്തിൽ തകർച്ചയെ നേരിട്ടു. അവിടെയുളള ഭഗവതിചൈതന്യത്തെ പടിഞ്ഞാറ്റം കൊഴുവലിലുളള ഭണ്ഡാരപ്പുരയോട് ചേർന്നു ശ്രീകോവിൽ പണിത് മാറ്റി പ്രതിഷ്ഠിച്ചു. പിന്നീട് ഏളത്ത മഹോൽസവം ഭണ്ഡാരപ്പുര കേന്ദ്രീകരിച്ചായി. തൈക്കടപ്പുറത്ത് പ്രതിഷ്ഠിക്കപ്പെട്ട്, പടിഞ്ഞാറ്റം കൊഴുവൽ ഭണ്ഡാരപ്പുരയിലേക്ക് കടപ്പുറത്ത് നിന്നും വന്ന ഭഗവതി പിന്നീട് കടപ്പുറത്ത് ഭഗവതി എന്ന പേരിൽ അറിയപ്പെട്ടു.

ഒരുനാൾ അറക്കൽ ക്ഷേത്ര ഊരാളൻ ആയ തമ്മക്കാരൻ കാരണവർക്ക് സ്വപ്നദർശനമുണ്ടായി. അങ്ങ് വടക്ക് ഒരിടത്ത് മൂലസ്ഥാനം പരിചരിക്കാനാളില്ലാതെ കാടുമൂടി കിടക്കുന്നു എന്നും അവിടം ശുദ്ധി വരുത്തി പരിപാലിക്കണമെന്നതുമായിരുന്നു സ്വപ്നം. തമ്മക്കാരൻ കാരണവരും സംഘവും നീലേശ്വരം ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിമദ്ധ്യേ ചിമ്മിനിക്കുന്നിൽ(തോട്ടട - കണ്ണൂർ) വെച്ച് എതിരെ വരുന്ന മറ്റൊരു സംഘത്തെ പരിചയപ്പെട്ടു. സംസാരിച്ചു വന്നപ്പോൾ രണ്ട് സംഘവും ഒരേ ലക്ഷ്യത്തിനു വേണ്ടി പുറപ്പെട്ട് പരസ്പരം തേടുന്നവരാണെന്നും മനസ്സിലായി. നാട്ടിൽ അസാധാരണമായി രോഗവും ക്ഷാമവും പടർന്നു പിടിച്ചപ്പോൾ നടത്തിയ പ്രശ് ചിന്തയിൽ , കാട് മൂടി കിടക്കുന്ന മൂലസ്ഥാനം ശുദ്ധി ചെയ്ത് പരിപാലിക്കണമെന്നും അമ്മയും മകളും തെക്കൊരിടത്ത് കുടിയിരിക്കുന്നുണ്ടെന്നും അറിഞ്ഞ് പുറപ്പെട്ടതാണ് അവരും. രണ്ടു സംഘവും ഒന്നിച്ച് നീലേശ്വരത്തെത്തി. കാട് മൂടിക്കിടന്ന മൂലസ്ഥാനം കാട് വെട്ടിത്തെളിച്ച് തമ്മക്കാരൻ കാരണവർ ക്ഷേത്രത്തിനകത്ത് കടന്ന് തിരുവായുധങ്ങൾ പുറത്തെടുത്ത് അവിടെ വിളക്ക് വെച്ച് പരിപാലനം പുനഃസ്ഥാപിച്ചു.

കടൽ പിൻവാങ്ങിയ, തൈക്കടപ്പുറത്ത് അറക്കൽ കടപ്പുറത്ത് ഭഗവതീക്ഷേത്രത്തിന്റെ അധീനതയിലുളള ഭൂമിയിൽ ക്ഷേത്രനിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

Madappally Arakkal Kadappurath Bhagavathi Temple Opening Dates Timings

പ്രാർത്ഥനാക്രമം

നീലേശ്വരം തളിയിലപ്പൻ (പരമശിവൻ) ആണ് അധീശദേവൻ (രക്ഷാകർത്താവ്) ആയതിനാൽ ആദ്യം തൊഴുത് വണങ്ങുന്നത് തളിയിലപ്പനെയാണ്. അമ്മ ഭഗവതിയുടെ തിരുനടയിൽ നിന്നും അല്പം വടക്ക് മാറി വടക്ക് പടിഞ്ഞാറെ ദിശയിലേക്ക് ആണ് തളിയിലപ്പനെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കുന്നത്. തുടർന്ന് ധ്വജം, അമ്മ ഭഗവതി, മകൾ ഭഗവതി, ദൈവത്താർ, ശ്രീപോതി, ഗുരു, കുട്ടിച്ചാത്തൻ, ഗുളികൻ, ആൽത്തറ, ചിത്രകൂടം, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ എന്നിങ്ങനെയാണ് പ്രാർത്ഥനാ ക്രമം.

വിശേഷദിവസങ്ങൾ

ക്ഷേത്രത്തിൽ നിത്യപൂജയില്ല. മാസസംക്രമം, ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, പുത്തരി, ധനുപത്ത്, പുനഃ പ്രതിഷ്ഠാ ദിനം, പൂരഉത്സവനാളുകൾ, വിഷു എന്നീ ദിവസങ്ങളിലാണ് നട തുറന്നു പൂജയും നിവേദ്യമുളളത്. പൂജാദി കർമ്മങ്ങൾ നിർവ്വഹിക്കുന്നത് ആചാര സ്ഥാനികരായ വെളിച്ചപ്പാടൻമാരും കാരണവരുമാണ്. വിശേഷ അവസരങ്ങളിൽ തന്ത്രിയുണ്ടാവും.

മാസസംക്രമം

എല്ലാ മലയാള മാസവും അവസാന ദിനമാണ് സംക്രമം. സംക്രമദിവസം പുലർച്ചെ നടതുറന്നു വിളക്കു വെക്കും. പകൽ പൂജകളും നിവേദ്യവും കഴിഞ്ഞ് ഉച്ചയ്ക്ക് മുമ്പ് നടയടക്കും.

കർക്കടകസംക്രമം

കർക്കടകസംക്രമം അടക്കും സംക്രമം എന്നും അറിയപ്പെടുന്നു. പുലർച്ചെ നടതുറക്കും. രാത്രിയാണു നിവേദ്യം. ഗുളികൻ, കുട്ടിച്ചാത്തൻ, ദൈവത്താർ, ശ്രീപോതി, വിഷ്ണുമൂർത്തി എന്നീ വെളളാട്ടങ്ങളുണ്ടാവും. എഴുന്നളളത്തും ഉണ്ടാവും. പിന്നീട് ഒരു മാസക്കാലം ക്ഷേത്രം അടച്ചിടും. ദീപാരാധനയുണ്ടാവില്ല. ക്ഷേത്രമതിലിനകത്ത് അരും പ്രവേശിക്കുകയില്ല. ദേവിമാർ ഹിമാലയത്തിൽ ബ്രഹ്മാവിനെ തപസ്സ് ചെയ്യാൻ പോവുകയാണു എന്നാണു സങ്കൽപം.

ചിങ്ങസംക്രമം.

തുറക്കുംസംക്രമം എന്നും അറിയപ്പെടുന്നു. കളളക്കർക്കടകത്തിന്റെ വറുതിയും കാലക്കേടുകളും കഴിഞ്ഞ് സമൃദ്ധിയുടെ ആഘോഷകാലത്തെ വരവേൽക്കുകയാണ് ചിങ്ങസംക്രമം. തലേദിവസം പരിസരമെല്ലാം വൃത്തിയാക്കും. പുലർച്ചെ നടതുറന്നു വിളക്കു വെക്കും. പകൽ വിവിധ പൂജകൾ. രാത്രി നിവേദ്യം. വെളളാട്ടങ്ങൾ, എഴുന്നളിപ്പ് എന്നിവ പതിവു പോലെയുണ്ടാവും.

നവരാത്രി മഹോത്സവം

തിന്മയുടെ മേൽ നൻമയുടെ വിജയമോഘോഷിക്കുന്ന നവരാത്രിക്കാലം ക്ഷേത്രത്തിൽ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. എല്ലാ ദിവസവും കാലത്തും സന്ധ്യക്കും ദീപാരാധനയും വാദ്യമേളവുമുണ്ടാകും. ദുർഗ്ഗാഷ്ടമി, മഹാനവമി നാളുകളിൽ സംഗീതാർച്ചനയും നൃത്ത സാംസ്കാരിക പരിപാടികളുമുണ്ടാവും. പ്രദേശത്തെ നൂറുകണക്കിനു വിദ്യാർത്ഥികൾ പുസ്തകപൂജക്ക് എത്തും. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിൽ നടതുറന്നു പൂജയുണ്ടാവും. വിജയദശമി നാളിൽ വാഹനപൂജക്കും വിദ്യാരംഭത്തിനും വലിയ ഭക്തജന പങ്കാളിത്തം സാധാരണമാണ്.

പുത്തരി

തുലാമാസത്തിലെ പൂരം നാളിലാണ് പുത്തരി. പൂരം കഴിഞ്ഞാൽ പിന്നെ പ്രധാന ഉത്സവം പുത്തരിയാണ്. മുട്ടിൽ പുഴയൊഴുകിയിരുന്ന മടപ്പളളി പ്രദേശത്ത് നിറയെ വയലുകളുണ്ടായിരുന്നു. കന്നിക്കൊയ്ത്ത് കഴിഞ്ഞാൽ കാഴ്ചയായി സമർപ്പിക്കപ്പെടുന്ന കറ്റമെതിച്ച് പുത്തൻനെല്ല് പുഴുങ്ങിക്കുത്തിയുണ്ടാക്കുന്ന അവൽ നിവേദിക്കുന്നതാണ് പുത്തരിയുടെ പ്രധാന പൊരുൾ. പുലർച്ചെ നടതുറന്നു വിളക്കു വെക്കും. പകൽ വിവിധ പൂജകൾ. രാത്രിയാണു പുത്തരിനിവേദ്യം. ഗുളികൻ, കുട്ടിച്ചാത്തൻ, ദൈവത്താർ, ശ്രീപോതി, വിഷ്ണുമൂർത്തി വെളളാട്ടങ്ങളും എഴുന്നളളിപ്പും കരിമരുന്നു പ്രയോഗവും ഉണ്ടാവും.

ധനുപത്ത്

മണ്ഡല കാലവ്രതം അവസാനിക്കുന്ന ധനു പത്തിന് സംക്രമദിവസത്തെ ചടങ്ങുകളാണ് രാത്രിയാണ് നിവേദ്യം.

പുനഃപ്രതിഷ്ഠ

അഷ്ടമംഗല്യ പ്രശ്നം നടത്തി പരിഹാര കർമ്മമായി ജീർണ്ണോദ്ധാരണം നടത്തി, ശ്രീകോവിൽ കൃഷ്ണശില പാകി പുനഃപ്രതിഷ്ഠ നടന്നത് 2008 ഫിബ്രവരി 18 ന് പകൽ 11.54 നും 1.54 നും മദ്ധ്യേ ഉളള ശുഭമുഹൂർത്തതിൽ ആണ്. പുതുതായി സ്ഥാന നിർണ്ണയം നടത്തി നിർമ്മിച്ച ക്ഷേത്ര പാലകന്റെ പ്രതിഷ്ഠയും അതേസമയം നടന്നു. കുംഭമാസത്തിലെ പുണർതം നക്ഷത്രമാണ് പുനഃപ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്. വിശേഷ പൂജകൾ ഉണ്ടാവും.

വിഷുക്കണി

മേടം ഒന്നിനു പുലർച്ചെയൊരുക്കുന്ന വിഷുക്കണി ദർശിക്കാൻ നൂറുക്കണക്കിനു ഭക്തജനങ്ങളെത്തിച്ചേരും. എല്ലാവർക്കും വിഷുകൈനീട്ടവും കണിവെച്ച അപ്പം പ്രസാദമായും ലഭിക്കും.

Madappally Arakkal Kadappurath Bhagavathi Temple Festivals

ഏളത്തമഹോത്സവം

അറക്കൽ ക്ഷേത്രം ആചാരക്കാരും നാട്ടുകാരും നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പ്രബല നായർ സമുദായവും നാട്ടുകാരും സംയുക്തമായാണ് ഏളത്ത മഹോത്സവം നടത്തുന്നത്. വെളിച്ചപ്പാടൻമാരും, തിരുവായുധക്കാരനും (വിഷ്ണുമൂർത്തി) തിരുവായുധങ്ങളുമേന്തി പ്രത്യേക സ്ഥാനങ്ങളിലേക്കും പ്രധാന ഗൃഹങ്ങളിലേക്കും എഴുന്നളളുന്ന ചടങ്ങാണ് ഏളത്തം. ദൈവിക പരിവേഷത്തോടെ എഴുന്നളളുന്ന ഏളത്തത്തിനു വാദ്യമേളങ്ങളും കുത്തുവിളക്കുകളും ഓംകാര വിളിയുടെ ആരവുമായി മടപ്പളളിയിലെയും നീലേശ്വരത്തെയും ഭക്തരും അകമ്പടിയുണ്ടാവും. കോയ്മ മുന്നിൽ നയിക്കും. (ക്ഷേത്രത്തിന്റെ അതത് പ്രദേശത്തെ രക്ഷാധികാരിയാണു കോയ്മ.) കൈക്കാരനും ഊരാളന്മാരും കൂടെയുണ്ടാവും.

ഉച്ച കഴിഞ്ഞാണ് ഭണ്ഡാരപ്പുര കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഏളത്തം ആരംഭിക്കുന്നത്. നിയോഗമുണ്ടായി ശ്രീകോവിലിനഭിമുഖമായി വെളിച്ചപ്പെടുന്ന സ്ഥാനികർ കൂട്ടത്തിലറ ക്ഷേത്രത്തിൽ നിന്നും തിരുവായുധക്കാരൻ (വിഷ്ണുമൂർത്തി) എത്തി അടയാളം കൊടുക്കുന്നതോടെയാണ് ഏളത്തം എഴുന്നളളത്ത് ആരംഭിക്കുന്നത്. ദേവിമാരുടെ ഏളത്ത് ഭക്തിസാന്ദ്രവും ഐശ്വര്യകാരണവുമാണ്. ഏളത്തിനെ നിറദീപം വെച്ച് സ്വീകരിക്കുകയും തറവാട്ടു കാരണവർ അരിചാർത്തി അകത്തേക്ക് ആനയിക്കുകയും ചെയ്യും. മഞ്ഞൾക്കുറിയെറിഞ്ഞ് അനുഗ്രഹം ചൊരിയുമ്പോൾ വീട്ടുകാർ ധനധാന്യാദികൾ കാണിക്ക നൽകും.

സാധാരണ മൂന്നു വർഷം കൂടുമ്പോഴാണ് ഏളത്തമഹോത്സവം നടക്കുന്നത്. മേടം പത്തിനു കൊടിയേറും. ഏഴു മുതൽ പത്ത് ദിവസം വരേ നീണ്ടു നിൽക്കും. ഒന്നാം നാൾ തളിയിൽ ക്ഷേത്രം, രണ്ടാം നാൾ കക്കാട്ട് കോവിലകം, തുടർന്നുളള ദിവസങ്ങളിൽ പ്രധാന ഗൃഹങ്ങൾ എന്നിങ്ങനെയാണു ഏളത്തം എഴുന്നളളുന്നത്. ഏളത്ത മഹോത്സവത്തിന്റെ നടത്തിപ്പിനായി ആദിയിൽ അരുളപ്പാട് പ്രകാരമുളള പെണ്ണെണ്ണി പണം തെങ്ങെണ്ണിതേങ്ങ വയലെണ്ണികറ്റ തൊഴു പണം എന്നിങ്ങനെ ശേഖരിക്കുന്നതും ഏളത്തിന്റെ ഗൃഹസന്ദർശന വേളയിലാണ്. അർദ്ധരാത്രി ഗുരുതി തർപ്പണതോടെയാണ് ഏളത്ത മഹോത്സവം സമാപിക്കുന്നത്.

പൂരമഹോത്സവം

വടക്കേമലബാറിലെ അതിപ്രശസ്ത ഉത്സവങ്ങളിൽ ഒന്നാണ് അറക്കൽ പൂര മഹോത്സവം. വൈവിദ്ധ്യമാർന്ന ഉത്സവചടങ്ങുകളും താളവും മേളവും വർണ്ണങ്ങളും തെയ്യങ്ങളും കരിമരുന്നു പ്രയോഗവുമൊക്കെയായി ശ്രദ്ധേയമാണു അറക്കൽ പൂരം. മലബാറിലെ തൃശ്ശൂർ പൂരം എന്നാണ് അറക്കൽ പൂരം വെടിക്കെട്ടിനെ വിശേഷിപ്പിക്കുന്നത്. മീനമാസത്തിലെ രോഹിണിനാളിൽ കൊടിയേറി പൂരം നാളിൽ ആമ്പൽ പൊയ്കാ തീരത്ത് നിന്നുളള താലപ്പൊലിയും സമുദ്രത്തിൽ ആറാട്ടും കഴിഞ്ഞ് കൊടിയിറങ്ങും.

കൊടിയേറ്റം

മീനമാസത്തിലെ രോഹിണിനാളിലാണ് കൊടിയേറ്റം. പുലർച്ചെ ക്ഷേത്രനട തുറന്നാൽ ആറാട്ട് കഴിഞ്ഞ് കഴകം പിരിയുമ്പോഴേ നടയടക്കുകയുളളൂ. അതിരാവിലെ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്ത്വത്തിൽ മഹാഗണപതി ഹോമവും തുടർന്നു പ്രസാദ വിതരണവും ഉണ്ടാവും. ഉച്ച മുതൽ നടക്കുന്ന വിഭവസമൃദ്ധമായ പ്രസാദ ഊട്ടിനു ആയിരക്കണക്കിനു ഭക്തജനങ്ങൾ എത്തിച്ചേരും. സന്ധ്യക്ക് ക്ഷേത്രവാദ്യ സംഘത്തിന്റെ പഞ്ചാരി മേളം ഇതിനു കൊമ്പും കുഴലുമൊക്കെയായി നൂറോളം വാദ്യകലാകാരൻമാർ അണിനിരക്കും.

രാത്രി ശുഭമുഹൂർത്തത്തിൽ അമ്മഭഗവതി വെളിച്ചപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണു കൊടിയേറ്റ്. തുടർന്നു കരിമരുന്നു പ്രയോഗം. അടുത്ത ഒരാഴ്ചക്കാലം പ്രദേശത്ത് ആഘോഷക്കാലമാണ്. വീട് മോടിപിടിപ്പിക്കലും പുതുവസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും അതിഥി സൽക്കാരം ഭംഗിയാക്കാനും ഗ്രാമവീഥികൾ അലങ്കരിക്കാനും മാത്രമല്ല. പുരോത്സവം ഗംഭീരമായി നടത്താനും നാട് മുഴുവൻ കൈമെയ് മറന്ന പ്രവർത്തനത്തിലായിരിക്കും. കൊടിയേറ്റം കഴിയുന്നതോടെ പൂക്കുട്ടികൾ, ആചാരസ്ഥാനികർ, കഴകക്കാർ എന്നിവരും സജീവമാവും. എല്ലാരും ക്ഷേത്രത്തിൽ തന്നെയാണ് വാസം.

അടുത്ത ദിനങ്ങളായ മകീര്യം, തിരുവാതിര, പുണർതം, പൂയ്യം, ആയില്യം, മകം, പൂരം, എന്നീ നാളുകൾ ഒന്നാം പൂവ്, രണ്ടാം പൂവ്, മൂന്നാം പൂവ് എന്നിങ്ങനെ അറിയപ്പെടുന്നു. ഓരോ ദിവസവും അതാത് നാളിന്റെ എണ്ണം സൂചിപ്പിച്ച് കതിനാ വെടികൾ മുഴക്കും. ഒന്നാം പൂവ് മുതൽ നാലാം പൂവ് വരെ പതിവ് ക്ഷേത്രചടങ്ങുകൾക്കും പൂജകൾക്കും പുറമെ കലാ സാംസ്കാരിക പരിപാടികൾ ഉണ്ടാവും. എന്നും കാലത്തും സന്ധ്യക്കും ക്ഷേത്രവാദ്യ സംഘത്തിന്റെ വാദ്യമേളവുമുണ്ടാവും.

ചെറിയ പൂരം

അഞ്ചാം ദിനമായ ആയില്യംനാൾ ചെറിയ പൂരം എന്നാണറിയപ്പെടുന്നത്. പതിവു പൂജകൾക്ക് പുറമെ രാവിലെ നടക്കുന്ന ഭണ്ഡാരം വെപ്പോടെയാണ് പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നത്.

തിരുവാഭരണ എഴുന്നളളിപ്പ്

ഉച്ചയ്ക്ക് ശേഷം തെക്കെപുര തറവാട്ടിൽ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പാണ്ടിമേളവും മുത്തുക്കുടകളും ഘോഷയാത്രയക്ക് ശോഭ പകരും. കുടുംബാംഗങ്ങളും ക്ഷേത്രഭാരവാഹികളും അനുഗമിക്കും. പൊന്നൻ തറവാട്ടിലും കൂടക്കൽ തറവാട്ടിലുമായി സൂക്ഷിച്ചിരുന്ന ദേവിയുടെ തിരുവാഭരണങ്ങൾ പിന്നീട് തെക്കേ പുരയിൽ സൂക്ഷിക്കാൻ തുടങ്ങി.

കൊടിവരവ്

സന്ധ്യക്ക് മുമ്പ് നടോർ വയലിൽ തറവാട്ട് മണ്ഡപത്തിൽ നിന്നും എത്തിച്ചേരുന്ന കൊടിവരവാണു മറ്റൊരു ചടങ്ങ്.

സന്ധ്യക്ക് ക്ഷേത്രവാദ്യസംഘത്തിന്റെ നൂറോളം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം ആണ് മറ്റൊരു പ്രധാന ആകർഷണം.

എഴുന്നളളത്ത്

അകായിൽ നിന്നും ആരംഭിച്ച് പുറത്തിറങ്ങി ക്ഷേത്രനടയിൽ തിരുവായുധങ്ങളുമായി ഉറഞ്ഞുതുളളുന്ന വെളിച്ചപ്പാടുമാർ ഭക്തിനിർഭരമായ ചടങ്ങാണ്. ഗജവീരന്മാരുടെ അകമ്പടിയോടെയാണ് എഴുന്നളളത്ത് ക്ഷേത്രത്തിനെ വലംവെക്കുന്നത്. കൊടി, തഴ, മേലാപ്പ്, പന്തങ്ങൾ എന്നിവയുമായി കഴകക്കാർ മുന്നിലും പിന്നിലുമായുണ്ടാവും.

വടക്കേനട

വടക്കേനട പ്രത്യേകതകൾ ഉളളതാണ്. എഴുന്നളളത്തിന്റെ പ്രദക്ഷിണ വഴിയിൽ പ്രധാന അരുളപ്പാടുകൾ സംഭവിക്കുന്നത് വടക്കേ നടയിൽ വെച്ചാണ്. ഭക്തജനങ്ങൾ ആവലാതികൾ ബോധിപ്പിക്കുന്നതും പരിഹാര നിർദ്ദേശങ്ങളായി അരുളപ്പാടുകൾ ഉണ്ടാവുന്നതും വടക്കേ നടയിൽ വെച്ചാണ്. എഴുന്നളളത്തം വടക്കേനടയിൽ എത്തുമ്പോൾ കൂടെയുളേളാരുടെ വെളിച്ചപ്പാട് പൊടിക്കളത്തിലേക്ക് പോവുന്ന ചടങ്ങുണ്ട്. രാത്രി വൈകി രണ്ട് എഴുന്നളളത്ത് കൂടിയുണ്ട്.

നാഗാരാധന

അതിപ്രധാനമായ നാഗാരാധന എഴുന്നളളത്തിനു ശേഷമുള്ള

ശുഭമുഹൂർത്തത്തിലാണ്. മകൾ ഭഗവതി വെളിച്ചപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചിത്രകൂടത്തിൽ നാഗാരാധന നടക്കുന്നത്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഭക്തർ എളളും മുട്ടയും സമർപ്പിക്കും. നാഗദൈവങ്ങൾക്ക് എളളും മുട്ടയും നിവേദിച്ച് വിശേഷപൂജകൾക്ക് ശേഷം നാൽപത്തിയൊന്നു നാൾ വ്രതമനുഷ്ടിച്ച ഭക്തർ ക്ഷേത്രക്കിണറ്റിൽ നിന്നും ശേഖരിക്കുന്ന നൂറ്റിയൊന്നു കുടം ജലം ധാരമുറിയാതെ ചിത്രകൂടത്തിൽ അഭിഷേകം ചെയ്യുന്നു. ഭക്തിസാന്ദ്രവും ഉദ്വേഗഭരിതവുമായ നാഗാരാധനക്ക് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ നേരത്തേ സ്ഥലം പിടിച്ചിട്ടുണ്ടാവും. ഗംഭീര കരിമരുന്നു പ്രയോഗത്തോടെയാണ് ചെറിയ പൂരം അവസാനിക്കുന്നത്.

പ്രധാന ഉൽസവം

മീനമാസത്തിലെ മകം നാൾ (ആറാം പൂവ്) ആണു പ്രസിദ്ധമായ അറക്കൽ പൂരം. പതിവു പൂജകൾക്കു പുറമെ ഉച്ച മുതൽ ആണു പ്രധാന ചടങ്ങുകൾ തുടങ്ങുന്നത്.

പ്രാദേശിക അടിയറ വരവുകൾ

ഉച്ചയോടെയാണു പ്രാദേശിക അടിയറ വരവുകൾ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. കൊടികളും ഇളനീർ കാവുകളുമായി വാദ്യമേളങ്ങളും ആരവുമായി ആണു ആഘോഷവരവുകൾ ക്ഷേത്രത്തിലെത്തുന്നത്. വടകര താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയറ വരവുകൾ എത്താറുണ്ട്. ഓരോ നാട്ടുവഴികളിലും ആരവങ്ങളുമായി ക്ഷേത്രത്തിലേക്ക് നീങ്ങുന്ന അടിയറ വരവുകൾ കാണാം. സ്ഥിരമായുളളത് കൂടാതെ വഴിപാടുകളായും അടിയറ വരവുകൾ ഉണ്ടാവും.

തണ്ടയാന്റെ വരവ് ആണ് ആദ്യം. തണ്ടയാന്റെ അടിയറവരവ് ചുറ്റുമതിലിനകത്ത് പ്രവേശിച്ചതിനു ശേഷം മാത്രമേ മറ്റു അടിയറ വരവുകൾ ചുറ്റുമതിലിനകത്തേക്ക് പ്രവേശിക്കുകയുളളൂ. അടിയറ വരവുകൾ സന്ധ്യ വരെ തുടരും. തുവ്വക്കാർ (തോട്ടിന്റപ്പുറം) നടമ്മൽ, കളത്തിൽ മാടത്തിങ്കൽ, ഉത്താലച്ചീന്റവിട, തോണിപ്പുരയിൽ, പോന്തയിൽ തുടങ്ങിയവ പ്രധാന ആഘോഷവരവുകളാണ്. തുവ്വക്കാരുടെയും നടമ്മൽക്കാരുടെയും ആഘോഷ വരവ് ഗജവീരന്റെ അകമ്പടിയോടെയാണ്.

വടകരവരവ്

വടകരയിൽ നിന്നുമുളള ഭണ്ഡാരവരവ് വടകര തെക്കെപുര തറവാട്ട് സ്ഥാനത്തു നിന്നും ആരംഭിക്കുന്നു. തീരദേശം വഴി സഞ്ചരിക്കുന്ന വരവ് സന്ധ്യ കഴിഞ്ഞയുടൻ ക്ഷേത്രത്തിലെത്തും. അറക്കൽ ക്ഷേത്രത്തിന്റെ ഭാഗമായ, വടകരയിൽ താമസിക്കുന്ന മുഴുവൻ കുടുംബാംഗങ്ങളും പൂരത്തിനു പങ്കെടുക്കാൻ ആഘോഷമായി എത്തിച്ചേരുന്ന ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു വടകര വരവ്. ആനയും, താലവും മുത്തുക്കുടകളും വാദ്യമേളവുമായി മനോഹരമായ കാഴ്ചാനുഭവം കൂടിയാണു വടകരവരവ്. വടകരവരവിനെ ഗുളികൻ വെളളാട്ടം പുറത്തിറങ്ങി ആശീർവദിച്ച് ആനയിക്കും.

താലം വരവ്

പൂരത്തിന്റെ ഏറ്റവും ദൃശ്യചാരുതയാർന്ന ഘോഷയാത്രയാണ് ഗവൺമെന്റ് ഫിഷറീസ് എൽ.പി.സ്കൂളിൽ നിന്നും പുറപ്പെടുന്ന താലം വരവ്. താലമേന്തിയ നൂറുക്കണക്കിന് ബാലികമാർ, മുന്നിൽ നിന്നും നയിക്കാൻ കൊമ്പും കുഴലും നാദം ചേർക്കുന്ന ക്ഷേത്രവാദ്യസംഘത്തിന്റെ പാണ്ടിമേളം അകമ്പടിയായി മുത്തുക്കുടകളും ഗജവീരന്മാരും. താലം വരവ് എത്തുന്നതോടെ ക്ഷേത്രവും പരിസരവും തിങ്ങിനിറയും.

വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന മടപ്പളളി പ്രദേശത്ത് ഒരു എൽ.പി. സ്കൂൾ മാത്രമാണുണ്ടായിരുന്നത്. 1946 എൽ.പി സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ ഗവൺമെന്റ് തീരുമാനമുണ്ടായി. നിശ്ചിത കാലയളവിനുളളിൽ കെട്ടിടം നിർമ്മിച്ച് കൈമാറിയാൽ മാത്രമേ തീരുമാനം നടപ്പിലാവുമായിരുന്നുളളൂ. ശ്രീ.ഉപ്പാലക്കൽ ശങ്കരൻ ആണ് കെട്ടിടം നിർമ്മിച്ച് നൽകാൻ ഉളള ചുമതല ഏറ്റെടുത്തത്. ഭാരിച്ച സാമ്പത്തിക ബാധ്യത ഉളള കെട്ടിട നിർമ്മാണവും സമർപ്പണവും നിശ്ചയിച്ച സമയത്തിനുളളിൽ നടക്കുമോയെന്ന ആശങ്ക ഉയർന്നു. എല്ലാം ഉദ്ദേശിച്ച പോലെ ഭംഗിയായി നടന്നാൽ സ്കൂളിൽ നിന്നും ഒരു ദീപം എല്ലാ പൂരം നാളിലും ക്ഷേത്രത്തിൽ എത്തിക്കാം എന്ന് നേർച്ച നേർന്നു. ഇതാണ് ഇന്നത്തെ രീതിയിലുളള താലം വരവായി വളർന്നത്.

എഴുന്നളളിപ്പ്

താലം വരവ് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ എഴുന്നളളിപ്പ് ആരംഭിക്കുന്നു. അകായിൽ ശ്രീകോവിലിനും മുമ്പിൽ വെച്ചാണ് ചുവന്ന പട്ടും പ്രത്യേക സ്വർണ്ണാഭരണങ്ങളുമണിഞ്ഞ് വെളിച്ചപ്പാടൻമാർ തുളളി ഉറയുന്നത്. തിരുവായുധങ്ങളുമായി തിരുനടയിലുളള വെളിച്ചപ്പെടലിനടയ്ക്കാണ് അരുളപ്പാടുകൾ ഉണ്ടാകുന്നത്. ഇതിൽ ഐതിഹ്യവും ഹിതാഹിതങ്ങളുമുണ്ടാകും. എഴുന്നളളത്ത് പ്രദക്ഷിണം വെക്കുമ്പോൾ വാദ്യമേളവും കൊടികളും തഴയും മേലാപ്പും അകമ്പടിയുണ്ടാകും. ഉപദേവതകളുടെ വിഗ്രഹം തലയിലേറ്റി ആയുധങ്ങളുമേന്തി പൂക്കുട്ടികളും തിടമ്പേറ്റി ആലവട്ടവും വെഞ്ചാമരവും വീശി ഗജവീരന്മാരും പിന്നാലെയുണ്ടാകും. ഭക്തിനിർഭരമായ എഴുന്നളളത്ത് പ്രദക്ഷിണ വഴിയിൽ വടക്കേ നടയിൽ നിലയുറപ്പിച്ച് ഭക്തരെ കേൾക്കും. അരുളപ്പാടുകളും അനുഗ്രഹാശിസ്സുകളും ചൊരിയും.

പാലെഴുന്നളളത്ത്

മടപ്പളളി പൊന്നൻ തറവാട്ട് ഗൃഹത്തിൽ നിന്നുമാണു പാലെഴുന്നളളത് പുറപ്പെടുന്നത്. ഐതിഹ്യത്തിൽ തറവാട് ഗൃഹത്തിൽ വെച്ച് പാൽ സമർപ്പിച്ചതിന്റെ ആവിഷ്കാരമാണ് പാലെഴുന്നളളത്ത്. ഓട്ടുമുരുടകളിൽ നിറച്ച നറും പാൽ പൂജാദി കർമ്മങ്ങൾക്ക് ശേഷം വ്രതമെടുത്ത കന്യകമാർ തലയിലേറ്റുന്നു. ഊരാളന്മാരുടെ പിന്മുറക്കാരായ കന്യകമാർക്കാണു പാൽപാത്രം എടുക്കുവാനുളള അവകാശം. വാദ്യമേളങ്ങളും ഗജവീരന്മാരുമുണ്ടാവും. മുത്തുക്കുടയേന്തി സ്ത്രീകളും മറ്റു കുടുംബാംഗങ്ങളും അനുഗമിക്കുന്നു.

ഇളനീരാട്ടം

അർദ്ധരാത്രയിലാണു ഇളനീരാട്ടം എന്ന ഇളനീരഭിഷേകം. അടിയറവരവുകാർ സമർപ്പിച്ച ഇളനീരുകൾ തണ്ടയാൻ ചെത്തി തയ്യാറാക്കി വെക്കും. ആദിയിലുണ്ടായ ദർശനത്തിൽ ഇളനീർ സമർപ്പിച്ച് ആദരിച്ച ഐതിഹ്യമാണ് ഇളനീരാട്ടത്തിന്റെ പൊരുൾ.

പൂക്കലശം വരവ്

പൂരത്തിന്റെ രോമാഞ്ചജനകവും ഉദ്വേഗഭരിതവുമായ കാഴ്ചാനുഭവം കൂടിയാണ് പൂക്കലശം വരവ്. അറക്കൽ ക്ഷേത്രത്തിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്ക് പാലക്കൂൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്നുമാണു വ്രതാനുഷ്ടാനത്തോടെയുളള പൂക്കലശം വരവ് പുറപ്പെടുന്നത്. പൂക്കലശം അലങ്കരിക്കാൻ പൂക്കളും കുരുത്തോലയും മാത്രമേ ഉപയോഗിക്കുന്നുളളൂ. പൂക്കളാൽ അതിമനോഹരമായി അലങ്കരിച്ച കലശങ്ങൾ ചുറ്റിലും ജ്വലിക്കുന്ന തീപ്പന്തങ്ങൾ ചേർത്ത് കെട്ടി, രാത്രിയുടെ മദ്ധ്യയാമത്തിൽ ഒന്നിനു പിറകെ ഒന്നായി അഗ്നിയിലാറാടി വരുന്ന കാഴ്ച വിസ്മയപ്പെടുത്തും.

കരിമരുന്നു പ്രയോഗം

അറക്കൽ പൂരത്തിന്റെ വിസ്മയഗാംഭീര്യം ഉൾക്കൊളളുന്നതാണ് രാത്രിയുടെ മദ്ധ്യയാമത്തിലും അന്ത്യയാമത്തിലുമായി നടക്കുന്ന അതിഗംഭീര കരിമരുന്നു പ്രയോഗം. തൃശ്ശൂർ പൂരം വെടിക്കെട്ടിനെ അനുസ്മരിപ്പിക്കും വിധം ഉത്തരമലബാറിലെ തന്നെ പ്രധാന വെടിക്കെട്ടാണ് ശബ്ദവും വർണ്ണവും വെളിച്ചവും വിസ്മയം തീർക്കുന്ന അറക്കൽ പൂരം വെടിക്കെട്ട്. കരിമരുന്ന് പ്രയോഗത്തിനുളള സമയമാവുമ്പോഴേക്കും ക്ഷേത്രപരിസരവും പരിസരപ്രദേശങ്ങളും സൂചികുത്താനിടമില്ലാത്ത വിധം ജനനിബിഡമാവും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത സ്ഥാനത്തിരുന്നു വെടിക്കെട്ടാസ്വദിക്കാമെന്നത് ക്ഷേത്രപരിസരത്തിന്റെ പ്രത്യേകതയാണ്. വെടിക്കെട്ടു കഴിഞ്ഞാൽ ഉടുവസ്ത്രം മുഷിയാതെ മണൽ പരപ്പിൽ വിശ്രമിക്കാമെന്നതും മറ്റൊരു സവിശേഷത.

തർപ്പണം

ആമ്പൽപൊയ്കയുടെ വടക്കേ ചാലിലുളള പൊടിക്കളത്തിലാണു ഭൂതഗണങ്ങൾക്കുളള ഗുരുതി തർപ്പണം. ആചാരസ്ഥാനികരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം കാരണവരുടെ മുഖ്യകാർമ്മികത്വത്തിലാണു ഗുരുതിതർപ്പണം.

ഏഴാംപൂവ്

കരിമരുന്നു പ്രയോഗം കഴിയുന്നതോടെ കെട്ടിയാട്ടങ്ങൾ തുടങ്ങുകയായി. ഗുളികൻ, ദൈവത്താർ, കുട്ടിച്ചാത്തൻ, ശ്രീപോതി, വിഷ്ണുമൂർത്തി എന്നീ ക്രമത്തിലാണു തെയ്യം കെട്ടിയാടുന്നത്. പ്രധാന ദേവതമാരായ അമ്മ, മകൾ ഭഗവതിമാർക്കും. ക്ഷേത്രപാലകനും കെട്ടിയാട്ടമില്ല.

തടുത്തുവേല

ദൈവത്താർ തെയ്യവും ഭഗവതിയുടെ പ്രതിപുരുഷന്മാരായ വെളിച്ചപ്പാടുമാരുമായുളള ഏറ്റുമുട്ടലാണ് തടുത്തുവേല. ഭഗവതിമാരുടെ കറുവച്ചാൽ മുക്കാൽ വട്ടത്തിലേക്കുളള വരവും, വഴി തടഞ്ഞ ദൈവത്താറുമായുണ്ടായ ഏറ്റുമുട്ടലും തുടർന്നുടലെടുത്ത പിരിയാത്ത സൗഹൃദവും, ഐതിഹ്യകഥയുടെ ഓർമ്മപ്പെടുത്തലാണു തടുത്തുവേല. തങ്ങളുടെ കൈവശമുളള ചങ്ങലവട്ട, കിണ്ണം, ചെമ്പ്പാത്രം എന്നിവ ആയുധമാക്കി ദൈവത്താറിനോടേറ്റുമുട്ടുന്ന വെളിച്ചപ്പാടൻമാരും പിന്നോട്ട് സഞ്ചരിച്ച് പ്രതിരോധിക്കുന്ന ദൈവത്താറും പുലർകാലത്തുളള പ്രധാന ചടങ്ങ് ആണ്. തടുത്തു വേല കഴിയുമ്പോഴേക്കും ആറാട്ട് നാൾ (ഏഴാം പൂവ്) അറിയിച്ചു കൊണ്ട് ഏഴ് കതിനവെടികൾ മുഴങ്ങും.

താലപ്പൊലി

ആമ്പൽപൊയ്കാ തീരത്തു ആദിയിൽ ഒഞ്ചിയം മുകയനു ഭഗവതീ ദർശനമുണ്ടായ സ്ഥലത്ത് നിന്നുമാണ് താലപ്പൊലി പുറപ്പെടുന്നത്. ഐതിഹ്യവുമായി ബന്ധപ്പെട്ടതാണു അതിപ്രധാനമായ താലപ്പൊലി. ഊരാളന്മാരുട പിന്മുറക്കാരായ മുതർന്ന സ്ത്രീകളാണു താലപ്പൊലി എടുക്കുന്നത്. ചുവന്ന മേലാപ്പിനു കീഴിൽ ഭക്ത്യാദരപൂർവ്വം പുറപ്പെടുന്ന താലപ്പൊലിയെ ശ്രീപോതി, വിഷ്ണുമൂർത്തി തെയ്യങ്ങളും അനുഗമിക്കും.

ആറാട്ട്

താലപ്പൊലി മൂന്നു പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ ആറാട്ടിനുളള ഒരുക്കങ്ങളാണ്. സമുദ്രത്തിലാണ് ആറാട്ട്. അകായിൽ ഉറഞ്ഞിറങ്ങുന്ന വെളിച്ചപ്പാടൻമാർ നടയിൽ വെളിച്ചപ്പെട്ട് അരുളപ്പാടുകൾ കഴിഞ്ഞ് പുറത്തിറങ്ങും. ക്ഷേത്രപാലകനെ വലം വെച്ച് തേങ്ങയുടച്ച് പ്രദക്ഷിണം പൂർത്തിയാക്കി പടിഞ്ഞാറെ നടവഴി കടൽതീരത്തേക്ക്. ഗജവീരന്മാരുൾപ്പെടെ എല്ലാ അലങ്കാരങ്ങളും അകമ്പടികളുമുണ്ടാവും. ശ്രീപോതി, വിഷ്ണുമൂർത്തി തെയ്യങ്ങളും അനുഗമിക്കും. പൊടിക്കളത്തിൽ അഗ്നി സമർപ്പിച്ച് വലം വെച്ച് എഴുന്നളളത്ത് കടപ്പുറത്തെത്തും.

കടൽതീരത്ത് പീഠം സങ്കൽപ്പിച്ച് ഭക്തജനങ്ങൾക്കുളള അരുളപ്പാടുകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ് ആടയാഭരണങ്ങൾ അഴിച്ച് വെച്ച് സമുദ്രത്തിലേക്ക്. വെളിച്ചപ്പാടുകൾ ഓരോരുത്തരായി തിരുവായുധങ്ങളുമായി ആഴത്തിൽ മുങ്ങിനിവരും. പിന്നീട് വിഷ്ണുമൂർത്തിയും സമുദ്രസ്നാനം നടത്തുന്നു. ദേവതമാരുടെ വിഗ്രഹങ്ങളും തിരുആയുധങ്ങളുമായി കഴകക്കാരും സമുദ്രത്തിൽ മുങ്ങി നിവരുന്നതോടെ ആറാട്ട് പൂർത്തിയാവും. വിഷ്ണുമൂർത്തിയുടെ മുഖാവരണം തിരകളിൽ ഒഴുകി തിരിച്ചെഴുന്നളളും.ആറാട്ടിനു സാക്ഷ്യം വഹിക്കാൻ അയിരക്കണക്ക് ഭക്തജനങ്ങൾ മീനത്തിലെ പൊരിവെയിലിനെ അവഗണിച്ച് കടപ്പുറത്ത് തടിച്ചു കൂടും.

കൊടിയിറക്കം

ആറാട്ടെഴുന്നളളിപ്പ് തിരിച്ചെത്തുന്നതോടെയാണ് കൊടിയിറക്കം. രോഹിണി നാളിൽ ഏറ്റിയ കൊടി പൂരം നാളിൽ ഇറക്കുന്നതോടെ ഒരാഴ്ച നീണ്ട പൂരോത്സവത്തിനു സമാപനമാവും. ക്ഷേത്രമതിൽകെട്ടിനകത്ത് ഗുരുതി തർപ്പണം വിഷ്ണു മൂർത്തി തെയ്യം നിർവ്വഹിക്കും.

കഴകം പിരിക്കൽ

കൊടിയിറക്കം കഴിഞ്ഞ് ഭക്തർ പിരിഞ്ഞു പോയാലും പിന്നെയും ചുമതലകൾ ബാക്കിയുണ്ട്. ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തി വരവ് ചിലവ് കണക്കുകൾ തയ്യാറാക്കി പ്രധാന കാര്യങ്ങളും അവലോകനം ചെയ്ത് അത് വരെ ക്ഷേത്രത്തിൽ കേന്ദ്രീകരിച്ചിരുന്ന ആചാരസ്ഥാനികർ, ഭരണസമിതി, പൂക്കുട്ടികൾ, ഊരാളന്മാർ, കഴകക്കാർ എന്നിവർ ആചാരത്തോടെ പിരിഞ്ഞു പോകുന്ന ചടങ്ങാണു കഴകം പിരിയൽ. നടയടച്ച് ഭണ്ഡാരം ചാർത്തി എല്ലാവരും പിന്നോട്ടിറങ്ങി പ്രധാന വാതിൽ അടക്കും. കഴകം പിരിഞ്ഞ അറിയിപ്പായി ഏഴ് കതിന വെടികൾ മുഴങ്ങും. തുടർന്ന് എല്ലാവരും മടപ്പളളി പൊന്നൻ തറവാട്ടിൽ ഒത്തുചേരുകയും ഓരോ സംഘമായി ആചാരസ്ഥാനികരുടെ തറവാട്ട് ഗൃഹത്തിൽ തയ്യാറാക്കിയ മത്സ്യമാംസാദികൾ ഉൾപ്പെട്ട സദ്യയുണ്ട് വ്രതം അവസാനിപ്പിക്കുന്നു.

കരിയടിച്ചു വാരൽ

പൂരം കൊടിയിറങ്ങിയാലും കൊടിതോരണങ്ങളും മറ്റു അലങ്കാരങ്ങളും അടുത്ത ഏഴു ദിവസം അങ്ങിനെ തന്നെയിരിക്കും. ദീപാരാധന ഉണ്ടാവില്ല. ക്ഷേത്രമതിൽ കെട്ടിനകത്ത് ആരും പ്രവേശിക്കില്ല. ദിവസങ്ങളിൽ ദേവഗണങ്ങൾ പൂരം ആഘോഷിക്കുകയാണ് എന്നു വിശ്വാസം. ഏഴാം ദിവസം നടതുറന്നു കൊടിതോരണങ്ങളും അലങ്കാരങ്ങളും അഴിച്ചുമാറ്റി, കരിയും പൂവും മറ്റു ഉത്സവാവശിഷ്ടങ്ങളും അടിച്ചു വാരി പാൽമരത്തിന്റെ ചുവട്ടിൽ നിക്ഷേപിക്കും. ക്ഷേത്രവും പരിസരവും വൃത്തിയാക്കും. തന്ത്രിയുടെ കാർമ്മികത്വത്തിൽ ശുദ്ധികലശവും ഗണപതി ഹോമവും നടത്തുന്നു, ഇതാണു കരിയടിച്ചു വാരൽ.

തെയ്യം-തിറ

നർത്തക രൂപത്തിലുളള ദേവതാസങ്കൽപമാണ് തെയ്യം. വളപട്ടണം പുഴക്ക് തെക്ക് തിറ എന്നും വടക്ക് തെയ്യം എന്നും കാസർഗോഡ് ജില്ലയിൽ കളിയാട്ടം എന്നും അറിയപ്പെടുന്നു. ഓരോരോ തെയ്യത്തിന്റെയും തുടക്കത്തിനു പിന്നിൽ അതത് ദേശവും കാലവുമനുസരിച്ച് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ട്.

സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലയും പൂക്കളും അലങ്കാരമാകുന്ന ചുവപ്പ് അണിയലങ്ങളും ചെണ്ട, ഇലത്താളം, കുറുംകുഴൽ തുടങ്ങിയ വാദ്യങ്ങളും ലാസ്യ താണ്ഡവ നൃത്ത ഭാവങ്ങളും തെയ്യത്തിനെ ഭക്തിസാന്ദ്രമായ അനുഭവമാക്കുന്നു. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്നതാണ് തോറ്റം പാട്ട്. പൂരത്തിനു തലേനാളും, പുത്തരി, അടക്കും സംക്രമം, തുറക്കും സംക്രമം എന്നീ വിശേഷദിനങ്ങളിലും തെയ്യത്തിന്റെ സംക്ഷിപ്ത രൂപമായ വെളളാട്ടമാണ്. മന്ത്രപരം, തന്ത്രപരം, കർമ്മപരം, വ്രതപരം എന്നീ അനുഷ്ടാനങ്ങളുടെ പൂർത്തികരണമാണ് തെയ്യം എന്നത്.

പ്രധാന പ്രതിഷ്ഠയായ അമ്മ, മകൾ ഭഗവതിമാർക്കും, ക്ഷേത്രപാലകനും തെയ്യം കെട്ടിയാട്ടമില്ല. ഗുളികൻ, കുട്ടിച്ചാത്തൻ, ദൈവത്താർ, ശ്രീപോതി, വിഷ്ണുമൂർത്തി എന്നിങ്ങനെ അഞ്ചു തെയ്യങ്ങളാണ് കെട്ടിയാടുന്നത്.

ഗുളികൻ

പൂരത്തിന്റെ അന്നേ ദിവസം അർദ്ധരാത്രിക്കു ശേഷമാണ് ഗുളികൻ തിറ കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലുളള നടത്തം തിറയുടെ പ്രത്യേകതയാണ്. നാഗരൂപിയാണ് ഗുളികൻ. പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപമാണ് മുടിയിൽ. വെടിയിലും പുകയിലും കരിയിലും നാനാ കർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് തെയ്യത്തിന്റെ വാമൊഴി.

കർണ്ണാകടത്തിലെ ഉടുപ്പി മുതൽ കോഴിക്കോട് വരെ ഗുളികൻ തെയ്യം കെട്ടിയാടുന്നുണ്ട്. മലയരാണ് ഗുളികൻ തെയ്യം കെട്ടുന്നത്.

ദൈവത്താർ

പുലർകാലത്താണ് കിരാതമൂർത്തിയായ ദൈവത്താർ കെട്ടിയാടുന്നത്. ഐതിഹ്യവുമായി ബന്ധപ്പെട്ട തടുത്തുവേല ദൈവത്താറുമായുണ്ടായ ഏറ്റുമുട്ടലാണ് പുനരാവിഷ്കരിക്കുന്നത്. തടുത്തുവേല കഴിഞ്ഞാണ് ദൈവത്താർ തെയ്യത്തിന്റെ വിശദമായ ആട്ടം. മുന്നൂറ്റൻമാരാണ് ദൈവത്താർ തെയ്യം കെട്ടുന്നത്.

കുട്ടിച്ചാത്തൻ

പകൽ സമയത്താണു കുട്ടിച്ചാത്തൻ തെയ്യം. മുന്നൂറ്റൻമാരാണ് കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്നത്.

ശ്രീപോതി

കൂടെയുള്ളോർ. അറക്കൽ ക്ഷേത്രത്തിലെ പ്രധാന തെയ്യം ശ്രീപോതിയുടേതാണ്. പൂമാലയും ചുവന്ന പട്ടുമാണ് തെയ്യത്തിനുളള പ്രധാന വഴിപാട്. തെയ്യം കെട്ടിനു മുഖ്യ അവകാശമുളള മലയനോ അദ്ദേഹം നിർദ്ദേശിക്കുന്ന ആളോ ആയിരിക്കും ശ്രീപോതി തെയ്യം കെട്ടുന്നത്. ആമ്പൽപൊയ്കാ തീരത്തുനിന്നുളള താലപ്പൊലിക്കും, ആറാട്ടിനും ശ്രീപോതി അകമ്പടിയുണ്ടാവും.

വിഷ്ണുമൂർത്തി

നരസിംഹമൂർത്തിയാണു വിഷ്ണുമൂർത്തി തെയ്യം. നരസിംഹാവതാര കഥയാണു തെയ്യാട്ടത്തിൽ അവതരിപ്പിക്കുന്നത്. അവസാനം കെട്ടിയാടുന്ന തെയ്യമാണ് വിഷ്ണുമൂർത്തി. വിഷ്ണുമൂർത്തി തെയ്യത്തിന്റെ കൂടെ ചാമുണ്ഡിയും ഉണ്ട് എന്നൊരു സങ്കൽപമുണ്ട്. തെയ്യത്തിനെ പഴയകാലത്ത് ചാമുണ്ഡി എന്നു കൂടി വിളിച്ചിരുന്നു. വിശദമായ തിറയാട്ടത്തിനു ശേഷമാണ് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം. താലപ്പൊലിയെ അനുഗമിക്കുന്ന വിഷ്ണുമൂർത്തി സമുദ്രത്തിൽ ആറാട്ടും കഴിഞ്ഞ് ഗുരുതി കർമ്മം നിർവ്വഹിക്കുന്നു. മംഗലാപുരത്തെ ജെപ്പ് എന്ന സ്ഥലത്തെ കോയിൽ കുടിപാടി എന്ന തറവാട് ആണ് തെയ്യത്തിന്റെ മൂലസ്ഥാനം.