--> Skip to main content


Kottiyoor Temple Festival 2024 Date – Important Poojas And Rituals During Kottiyoor Festival - Complete Guide

Kottiyoor Temple is a prominent Shiva temple at Kottiyoor in Kannur district, Kerala. Kottiyoor temple festival 2024 Ilaneer Vaippu date is May 29. Prakkoozham ritual is an important ceremony during the annual festival at Kottiyoor temple. The annual festival is known as Vaisakha Mahotsavam and is held either in April or May.

The date of the annual festival is fixed on the on the Prakkoozham ritual day.

Some of the important rituals in the temple include neyyattom, bhandaram ezhunnallathu, thiruvona aradhana and ilaneer attam.

കണ്ണൂര് ജില്ലയിലെ കൊട്ടിയൂരില് ബാവലി നദിയുടെ ഇരുകരകളിലുമാണ് ഉത്സവം ആഘോഷിക്കുന്ന ക്ഷേത്രങ്ങള് നില കൊള്ളുന്നത് - അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും. മെയ്- ജൂണ് മാസങ്ങളിലായി വരുന്ന കൊട്ടിയൂരുത്സവം 28 ദിവസം നീണ്ടു നില്ക്കും. നെയ്യാട്ടത്തോടെ ഉത്സവാഘോഷങ്ങള് തുടങ്ങുകയും തിരുകലശാട്ടോടെ സമാപിക്കുകയും ചെയ്യുകയും ചെയ്യുന്ന ആഘോഷത്തില് നൂറുകണക്കിന് ഭക്തര് പങ്കെടുക്കും.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്നത്  പ്രക്കൂഴം ചടങ്ങിലാണ്. 

ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമങ്ങളും കുറിക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, കണക്കപിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹോത്സവ നാളുകൾ കുറിക്കുന്നത്. തണ്ണീർകുടി, നെല്ലളവ്, അവിൽ അളവ്, ആയില്യാർകാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ.

പ്രക്കൂഴത്തിന് വിളക്ക് തെളിക്കാനുള്ള പശുവിൻനെയ്യ് മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് സ്ഥാനികനായ കൂട്ടേരി നമ്പ്യാരും ചടങ്ങുകൾക്കുള്ള അവിൽ കാക്കയങ്ങാട് പാലാ നരസിംഹ ക്ഷേത്രത്തിൽനിന്ന് മേൽശാന്തിയുമാണ് എഴുന്നള്ളിക്കുന്നത്.

ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ തുടങ്ങിയവരാണ് തണ്ണീർകുടി ചടങ്ങ് നടത്തുക. അർധരാത്രി ആയില്യാർക്കാവിൽ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജ നടക്കും.

പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീർമഠങ്ങളും സജീവമാകും.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ളദൈവത്തെ കാണൽചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തിൽ പ്രക്കൂഴത്തിന് ഒരുദിവസം മുൻപ് നടക്കും.

ഒറ്റപ്പിലാൻ സ്ഥാനികളാണ് ഇതിനു നേതൃത്വം നൽകിയത്. സ്ഥാനികർ നാക്കിലയിൽ അവിലും പഴവും ശർക്കരയും തേങ്ങാപ്പൂളും നേദിച്ചുകൊണ്ടാണ്ചടങ്ങു നടത്തുക.

എല്ലാ ആചാരനാഷ്ഠാനങ്ങളോടെയും നടത്തുന്ന ഉത്സവത്തിന്‍റെ പ്രധാനഘടകം ഇളനീര്‍വയ്പ് ആണ്. ഭക്തര്‍ സ്വയം ഭൂവായ ശിവലിംഗത്തിനു മുമ്പില്‍ ഇളനീര്‍ വയ്ക്കുകയും അടുത്ത ദിവസം അത് ഇളനീരാട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യും.

സ്വയംഭൂലിംഗമുള്ള അക്കരെ കൊട്ടിയൂരില്‍ ഒരു ക്ഷേത്ര നിര്‍മ്മിതിയില്ല. ചെറികല്ലുകള്‍ കൂട്ടിവച്ച സ്ഥലത്താണ് സ്വയംഭുവിഗ്രഹമുള്ളത്. ഇതിനെ മണിത്തറ എന്നാണു വിളിക്കുന്നത്. ഉത്സവകാലത്തു മാത്രം തുറക്കുന്ന ഈ ക്ഷേത്രത്തിലെ മുളകൊണ്ടുണ്ടാക്കുന്ന ഓടപ്പൂക്കള്‍ ഈ സമയത്തെ മാത്രം പ്രത്യേകതയാണ്.

എരുവട്ടി വേട്ടയ്ക്കൊരുമകന് ക്ഷേത്രത്തില്നിന്നും ജന്മാവകാശി എരുവട്ടി തണ്ടയാന്റെ നേതൃത്വത്തില് എണ്ണയും ഇളനീരുമായി സംഘം മണത്തണയില് തങ്ങിയശേഷം വൈശാഖോത്സവ നഗരിയിലെത്തുംഇളനീര്വയ്പിന് മുന്നോടിയായി കുടിപതി കാരണവരുടെ നേതൃത്വത്തില് പുറഭണ്ഡാരം സ്ഥാപിക്കും . തുടര്ന്ന് പന്തീരടി പൂജ ആരംഭിക്കും . ഇളനീര്വയ്പ് നടക്കുന്ന തിരുവഞ്ചിറയിലെ പ്രത്യേക സ്ഥാനത്ത് ശ്രീഭൂതബലിക്ക് ശേഷം തട്ടും പോളയും വിരിച്ച് സ്ഥലം അടയാളപ്പെടുത്തും. രാത്രി പത്തിനാണ് ഇളനീര്വയ്പ് ആരംഭിക്കുന്നത്. അര്ധരാത്രിവരെ നീളും. മുഴുവന് വ്രതക്കാരും ഇളനീര് വച്ചതിനുശേഷം എരുവട്ടി തണ്ടയാന് എണ്ണയും ഇളനീരും സമർപ്പിക്കും. പിറ്റേദിവസം രാവിലെ മുതല് ഇളനീരുകള് ചെത്തിയൊരുക്കും. പിറ്റേദിവസം രാത്രിയാണ് പ്രധാന ചടങ്ങായ ഇളനീരാട്ടം.

Below is an excerpt from article published in Manorama Festival Issue during the 2015 Kottiyoor festival.

Important Rituals During Kottiyoor Temple Festival

ദൈവത്തെ കാണൽ
ദൈവത്തെ കാണൽ ചടങ്ങാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രേത്തിൽ വൈശാഖ മഹോൽസവവുമായി ബന്ധപ്പെട്ടു നടക്കുന്ന ആദ്യ ചടങ്ങ്. ദൈവത്തെ മലയിറക്കലും മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കാണലുമാണ് ചടങ്ങുകളിൽ പ്രധാനം. ഇതോടെയാണ് കൊട്ടിയൂരും മണത്തണയും വൈശാഖോൽസവ നാളുകളിലേക്കു പ്രവേശിക്കുന്നത്. കാടൻ ഒറ്റപ്പിലാൻ കുറിച്യ സ്ഥാനികൻ എന്നിവരാണ് ദൈവത്തെ കാണൽ ചടങ്ങിലെ പ്രധാനികൾ. അവിൽ, നാളികേരം, പഴം, കള്ള് എന്നിവ ദൈവത്തിനു നിവേദിക്കുക.

പ്രക്കൂഴം
മേടമാസത്തിലെ വിശാഖം നാളിൽ നടക്കുന്ന പ്രക്കൂഴത്തോടെയാണ് വൈശാഖോൽസവത്തിന്റെ തുടക്കം. ഉൽസവത്തിനുള്ള നെല്ല് അളന്നെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രക്കൂഴം എന്ന പേരുവന്നത്. നെല്ലു കുത്താൻ കൂഴത്തിനു കൊടുക്കുന്നതുമായി ബന്ധപ്പെട്ട പുറക്കൂഴം എന്നതു ലോപിച്ചാണു പ്രക്കൂഴമായത്. സമുദായ ഭട്ടതിരി, ക്ഷേത്രം ഉൗരാളന്മാർ, പടിഞ്ഞിറ്റ നമ്പൂതിരി, ഏഴില്ലക്കാർ, കണക്കപ്പിള്ളമാർ, നമ്പീശന്മാർ, ഓച്ചർമാർ എന്നിവർ ഇൗ ചടങ്ങിൽ പങ്കെടുക്കും. ഇക്കരെ കൊട്ടിയൂർ മഹാക്ഷേത്ര സന്നിധാനത്തിലും മന്ദംചേരിയിലും ബാവലി പുഴയിലും ആയില്യാർ കാവിലുമായാണ് ചടങ്ങുകൾ. കുത്തോടിൽ നടക്കുന്ന അടിയന്തിര യോഗത്തിനു ശേഷമാണ് ചടങ്ങുകളുടെ തുടക്കം.

ആദ്യം അവലളവാണ് നടക്കുക. പുല്ലഞ്ചേരി നമ്പൂതിരിപ്പാട് ക്ഷേത്രാവശ്യത്തിനുള്ള അവൽ അളക്കും. പിന്നീട് ഒറ്റപ്പിലാൻ, പുറങ്കലയൻ, ആശാരി, പെരുവണ്ണാൻ, കൊല്ലൻ, കാടൻ, തൃക്കൈകുട കണിശൻ എന്നിവർ ചേർന്നു തണ്ണീർകുടി ചടങ്ങ് ഇക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ നടത്തുന്നു. രണ്ടു ഭാഗങ്ങളായി നടന്ന തണ്ണീർകുടി തുടർന്ന് മന്ദംചേരി വലിയ മാവിൻചുവട്ടിൽ പൂർത്തീകരിക്കുകയും ബാവലി പുഴയിലെ കെട്ടിനുള്ള സ്ഥാനം നിശ്ചയിക്കുകയും ചെയ്യുന്നു. തണ്ണീർകുടി ആദ്യഭാഗത്തിനു ശേഷം ആയില്യാർകാവിൽ ശുദ്ധികലശം.

തുടർന്ന് ഇക്കരെ ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ നെല്ലളവ് നടത്തുന്നു. തിടപ്പള്ളിയിൽ ചൊരിയുന്ന നെല്ല് പടിഞ്ഞിറ്റ നമ്പൂതിരി പൂജിക്കും. രാത്രി പടിഞ്ഞിറ്റ നമ്പൂതിരി ആയില്യാർകാവിൽ(ആയിരം വില്ലുകാർകാവ്) വിളക്കുവച്ചു നിഗൂഢ പൂജ നടത്തും. അർധരാത്രി പൂജ അവസാനിക്കുമ്പോൾ അവകാശികൾക്ക് അപ്പട എന്ന പ്രസാദം നൽകും. തുടർന്ന് ഉൽസവച്ചടങ്ങുകളുടെ തീയതി കുറിക്കും. തന്ത്രിമാർ, പാരമ്പര്യ അവകാശികൾ, ഊരാളൻമാർ, കണക്കപ്പിള്ള എന്നിവരെല്ലാം വിവിധ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കും. പ്രക്കൂഴം കഴിയൂന്നതോടെ അക്കരെ ക്ഷേത്രസന്നിധിയിലെ കയ്യാലകളുടെ നിർമാണവും ബാവലി പുഴയിലെ തടയണ നിർമാണവും തുടങ്ങുകയായി.

നെയ്യമൃത് സദ്യ
കൊട്ടിയൂർ വൈശാഖ മഹോൽസവത്തിലെ സുപ്രധാന ചടങ്ങായ നെയ്യാട്ടത്തിന് നെയ് എത്തിക്കുന്ന പാരമ്പര്യ അവകാശികൾക്ക് മുറക്കണക്കു വച്ച് ക്ഷേത്ര ഊരാളൻമാരും പാരമ്പര്യ തറവാട്ടുകാരും നൽകുന്ന സദ്യയാണ് നെയ്യമൃത്. മേടമാസത്തിലെ ഉത്രട്ടാതി നാൾ മുതൽ ഇടവത്തിലെ ആയില്യം വരെയാണ് വ്രതക്കാർക്ക് ഈ അപൂർവ സദ്യ വിളമ്പുക. വിപണിയിൽ നിന്നു വാങ്ങുന്ന വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തനി പ്രകൃതി ജീവനപരമായതും പരിസ്ഥിതിയോട് ഇണങ്ങുന്നതുമായ വിഭവങ്ങളാണ് സദ്യയുടെ പ്രത്യേകത.

ചവര് (അരിയുടെ പുറത്തെ ചുവന്ന തവിട് ) കളയാതെ കുത്തിയെടുത്ത അരി കൊണ്ട് വളരെ കുറച്ച് വെള്ളത്തിൽ ഉണ്ടാക്കുന്ന കഞ്ഞിയാണ് വിളമ്പുക. വാഴപ്പോള കൊണ്ട് വട്ടത്തിൽ തടയുണ്ടാക്കി അതിൽ തൂശനിലയിട്ട് ഭൂമിയോടു ചേർത്ത് അമർത്തി കുഴിയാക്കി അതിലാണ് കഞ്ഞി വിളമ്പുക. നാക്കിലയിലാണ് കറികൾ വിളമ്പുക. ചക്ക, മാങ്ങ, വെള്ളരിക്ക, പച്ചക്കായ, ചെറുപയർ, ഉഴുന്ന് എന്നിവയാണ് കറി വിഭവങ്ങൾക്ക് ഉപയോഗിക്കുന്നത്.

ഇവ കൊണ്ട് പരമാവധി വിഭവങ്ങൾ ഉണ്ടാക്കും. ചെറുപയർ പുഴുക്ക്, ഉഴുന്ന് ചേർത്തുണ്ടാക്കുന്ന പുഴുക്ക് (കുഞ്ഞുണ്ണി), മധുരമൂറുന്ന മധുരപ്പുഴുക്ക്, തേങ്ങാപ്പൂള്, നെയ്യ്, പപ്പടം എന്നിവയടങ്ങുന്നതാണ് നെയ്യമൃത് സദ്യ എന്നറിയപ്പെടുന്ന നെയ്യമൃത് കഞ്ഞി. ഇലയും തടയും ഉപയോഗിച്ച് വിഭവങ്ങൾ വിളമ്പിയാൽ പിന്നെ പ്ലാവില കുമ്പിളിൽ കഞ്ഞി കോരി കുടിച്ചു തുടങ്ങും. എല്ലാ ഇലയിലും കഞ്ഞിയും കറികളും വിളമ്പിയ ശേഷം സദ്യയുടെ നാഥൻ ഊരാളൻ വന്ന് വണങ്ങിയ ശേഷം എല്ലാവരും ഒന്നിച്ചു മാത്രമേ കഞ്ഞി കുടിക്കൂ.

വിളമ്പുമ്പോൾ ആദ്യ ഇലയും തടയും നിലവിളക്കു വച്ച് പെരുമാൾക്ക് സമർപ്പിച്ച ശേഷം മാത്രം വ്രതക്കാരുടെ സദ്യ. പരസ്പരം തൊടാൻ പാടില്ല എന്ന് നിർബന്ധം. തൊട്ടാൽ കുളിച്ച ശേഷം മാത്രം സദ്യ. ഒരാൾ തൊട്ടാലും അയാൾ കുളി കഴിഞ്ഞ് വന്ന ശേഷം മാത്രമേ എല്ലാവരും സദ്യക്ക് ഇരിക്കൂ. മകം നാളിൽ നെയ്യമൃത് മഠങ്ങളിൽ പ്രവേശിച്ചാർ ബ്രാഹ്മണർ വന്ന് വ്രതക്കാരെ കുളിപ്പിക്കും. കലശം കുളി എന്നാണ് ഇതിന്റെ പേര്.

കലശം കുളി കഴിഞ്ഞാൽ പിന്നെ മഠം വിട്ട് പുറത്തിറങ്ങുക നെയ്യാട്ട ദിനത്തിൽ കൊട്ടിയൂർക്ക് പുറപ്പെടാൻ മാത്രം. നമ്പ്യാർ, കുറുപ്പ്, ചില നായർ സമുദായക്കാർ എന്നിവർക്ക് മാത്രമാണ് നെയ്യമൃത് അവകാശവും സദ്യയും അനുവദിച്ചിട്ടുള്ളൂ. അതുപോലെ കൊട്ടിയൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ പേരാവൂരിനടുത്തുള്ള കാഞ്ഞിരപ്പുഴയ്ക്ക് അപ്പുറത്ത് വരെ മാത്രമേ മഠങ്ങൾ പാടുള്ളൂ എന്നും പാരമ്പര്യം. പ്രാട്ടര (പുറനാട്ടുകര സ്വരൂപം) യുടെ സാംസ്കാരിക പെരുമയിൽ തനതു ഭക്ഷണ സംസ്കാരവും ഉണ്ടായിരുന്നുവെന്ന് വെളിവാക്കുന്നതാണ് മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ നടത്തി വരുന്ന നെയ്യമൃത് കഞ്ഞി.

നീരെഴുന്നള്ളത്ത്
ഇടവത്തിലെ മകംനാളിലാണു നീരെഴുന്നള്ളത്ത്. അക്കരെ സന്നിധാനവും മണിത്തറയും ശുദ്ധീകരിച്ച് ഉൽസവ ഒരുക്കങ്ങൾക്കു തുടക്കം കുറിക്കുന്ന ചടങ്ങാണിത്. കൂത്തുപറമ്പു നിന്നു മണിയൻചെട്ടി സ്ഥാനികൻ വിളക്കുതിരി എഴുന്നള്ളിച്ച് ഇക്കരെ ക്ഷേത്രത്തിൽ എത്തിക്കുന്നതോടെയാണു ചടങ്ങുകൾ തുടങ്ങുന്നത്. തുടർന്ന് കുത്തോടിൽ അടിയന്തരയോഗം ചേർന്നു ചടങ്ങുകൾക്ക് അനുമതി നൽകും. ഇതോടെ ആയില്യാർകാവിൽ പുണ്യാഹം ആരംഭിക്കും.ഇതേസമയം മന്ദംചേരിയിലെ സങ്കേതസ്ഥാനത്ത് ഒറ്റപ്പിലാൻ, പുറംകലയൻ, ജൻമാശാരി, കൊല്ലൻ സ്ഥാനികർ തണ്ണീർകുടി ചടങ്ങ് നിർവഹിക്കും. തണ്ണീർകുടിക്കുശേഷം കുറിച്യസ്ഥാനികനും ഒറ്റപ്പിലാനും പെരുവണ്ണാനും ജൻമാശാരിയും അക്കരെ സന്നിധാനത്തു കടന്ന് മണിത്തറയിൽ സ്വയംഭൂ ദർശിച്ച് തീർഥാഭിഷേകം നടത്തും.

നമ്പൂതിരിയും അടിയന്തര യോഗക്കാരും ഇവർക്കു ശേഷമാണ് അക്കരെ സന്നിധാനത്ത് എത്തുക. ഇവർക്ക് ക്ഷേത്രം കാണിച്ചുകൊടുക്കുന്ന ചുമതല ഒറ്റപ്പിലാന്റേതാണ്. ഒറ്റപ്പിലാൻ മുന്നിലും പുറംകലയൻ, കണിശൻ, ആശാരി, പെരുവണ്ണാൻ എന്നീ സ്ഥാനികർ പിന്നിലുമായി നടന്ന് അക്കരെ കൊട്ടിയൂരിലെത്തും. കർക്കിടകക്കണ്ടി എന്ന രഹസ്യമാർഗത്തിലൂടെയാണ് ഇവരുടെ യാത്ര. കൂവ ഇലയിൽ ശേഖരിച്ച തീർഥവുമായാണ് അടിയന്തര യോഗക്കാർ ഒറ്റപ്പിലാൻ കാട്ടിയ വഴിയിലൂടെ ക്ഷേത്രത്തിലെത്തുക. തീർഥം പടിഞ്ഞിറ്റ നമ്പൂതിരി വാങ്ങി സ്വയംഭൂവിൽ അഭിഷേകം ചെയ്യും. സ്വയംഭൂ മൂടിയ അഷ്ടബന്ധം സ്ഥാനികർക്കു പ്രസാദമായി നൽകും. അതിനുശേഷം എല്ലാവരും വിഗ്രഹത്തിൽ നീരഭിഷേകം നടത്തി ഇക്കരെ ക്ഷേത്രത്തിലേക്കു മടങ്ങും.

ഇക്കരെ സന്നിധിയിൽ കഞ്ഞിസദ്യ നടക്കും. അന്ന് അർധരാത്രിയിലും ആയില്യാർകാവിൽ നിഗൂഢ പൂജകളും അപ്പട നിവേദ്യവും നടക്കും. ഇക്കരെ സന്നിധിയിൽ പൂജയും സദ്യയും ഉണ്ടാകും. നീരെഴുന്നള്ളത്തിനു ശേഷം തിരുവഞ്ചിറയും പരിസരവും വൃത്തിയാക്കും. മണിത്തറയ്ക്കു താൽക്കാലിക മേൽക്കൂരയും ട്രസ്റ്റിമാർക്കും മറ്റ് അവകാശികൾക്കും താമസിക്കാനുള്ള പർണശാലയും നിർമിക്കും.

നെയ്യാട്ടം
ചോതി നാളിലാണു നെയ്യാട്ടം. നിടുമ്പ്രത്തെ വില്ലിപ്പാലൻ കുറുപ്പിന്റെയും കുറ്റ്യാട്ടൂരിലെ തമ്മേങ്ങാടൻ നമ്പ്യാരുടെയും നേതൃത്വത്തിലാണ് നെയ്യ് എഴുന്നള്ളിച്ചു കൊണ്ടുവരിക. ചോതിവിളക്കിനുള്ള നെയ്യും അഗ്നിയും കുറ്റ്യാടിയിലെ ചാതിയൂർ ക്ഷേത്രത്തിൽ നിന്ന് തേടൻ വാരിയർ കൊട്ടിയൂർക്ക് എഴുന്നള്ളിക്കും. വിഷു മുതൽ വ്രതമെടുത്തു കാത്തിരിക്കുന്ന നെയ്യമൃത് സംഘങ്ങൾ ഓംകാരം മുഴക്കി കൊട്ടിയൂരിൽ എത്തുന്നതോടെ വൈശാഖോൽസവത്തിന്റെ ആരവമുയരുകയായി.

പഴയ പാട്ടസ്വരൂപത്തിനു കീഴിലാണ് നെയ്യമൃത് മഠങ്ങളുള്ളത്. തറ്റുടുത്ത് ചൂരൽമുദ്ര ധരിച്ച് വാട്ടിയ വാഴയിലകൊണ്ട് മൂടിയ നെയ്ക്കിണ്ടികളുമായാണ് വ്രതക്കാർ എത്തുന്നത്. ജാതിയൂരിൽ നിന്നു കൊണ്ടുവരുന്ന ഓടയും തീയും ഉപയോഗിച്ചാണ് നെയ്യമൃതുകാർ കൊണ്ടുവരുന്ന നെയ്യ് അഭിഷേകത്തിനായി ഉരുക്കുന്നത്. അരിങ്ങോട്ടു നമ്പൂതിരിയാണ് (തൃക്കടാരി) നെയ്ക്കിണ്ടികൾ തൃത്തറയിൽ വയ്ക്കുന്നത്. നെയ്യാടുന്നതാകട്ടെ ഉഷകാമ്പ്രം നമ്പൂതിരിയും.

മുതിരേരി വാൾ എഴുന്നള്ളത്ത്
യാഗഭുമിയിൽ നിന്ന് ദക്ഷന്റെ ശിരസ് അറുത്ത് വീരഭദ്രൻ ചുഴറ്റിയെറിഞ്ഞ വാൾ വയനാട് മാനന്തവാടിക്കടുത്ത മുതിരേരിയിൽ ചെന്നു വീണു എന്നാണ് വിശ്വാസം. മുതിരേരി ക്ഷേത്രത്തിലെ പ്രത്യേക വാളറയിൽ സൂക്ഷിക്കുന്ന വാൾ നെയ്യാട്ട ദിവസം സന്ധ്യയ്ക്കാണ് കൊട്ടിയൂരിൽ എത്തിക്കുക. മൂഴിയോട്ടില്ലത്തെ സ്ഥാനിക ബ്രാഹ്മണനാണ് വാൾ എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. മുതിരേരി വാൾ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തുന്നതോടെയാണു വൈശാഖോൽസവത്തിന്റെ തുടക്കം. ഇവിടെ ഭണ്ഡാര അറയിൽ സൂക്ഷിക്കുന്ന വാൾ മകം കലം വരവിനു മുൻപ് തിരികെ മുതിരേരിയിലേക്ക് എഴുന്നള്ളിക്കും.

തുടർന്ന് കാര്യത്ത് കൈക്കോളൻ കാങ്കോലിൽ നിന്നെത്തിക്കുന്ന യാഗമണ്ണുകൊണ്ട് യാഗശാല ശുദ്ധീകരിക്കും. സന്ധ്യയോടെ ഇടവാവലിക്കരയിലെത്തി മുഹൂർത്തം കാത്തിരിക്കുന്ന വ്രതക്കാർ പരാശക്തിയുടെ വാൾ ഇക്കരെ എത്തിയാൽ വ്രതശുദ്ധിയോടെ അക്കരെയെത്തും. ഓടയും തീയുമായി ആയില്യൻമാരും അടിയന്തിരക്കാരും അക്കരെ എത്തിയാൽ ചോതി വിളക്കു തെളിയും. തുടർന്നു മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം പൂർണമായും നീക്കുന്ന നാളം തുറക്കൽ ചടങ്ങാണ്. ബ്രാഹ്മണർ മാത്രമാണ് നാളം തുറക്കൽ ചടങ്ങ് നടത്തുക.
തുടർന്ന് ഓടയും തീയും ഉപയോഗിച്ചു വ്രതക്കാർ നെയ്ക്കിണ്ടികളിലെ നെയ് ഉരുക്കും. ആദ്യം വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തുടർന്ന് തമ്മേങ്ങാടൻ വലിയ നമ്പ്യാരുടെയും കിണ്ടികളിലെ നെയ്യ് ആദ്യം സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. തുടർന്നു മറ്റു മഠങ്ങളിലെ വ്രതക്കാരുടെ നെയ്യമൃത് അഭിഷേകം. ഉഷകാമ്പ്രം നമ്പൂതിരിക്കാണ് നെയ്യാട്ടത്തിന്റെ കാർമികത്വം.

ഭണ്ഡാരം എഴുന്നള്ളത്ത്
നെയ്യാട്ടത്തിന്റെ പിറ്റേന്നു രാവിലെ മണത്തണയിലെ കരിമ്പന ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും വാദ്യഘോഷസമേതം കൊട്ടിയൂരേക്ക് എഴുന്നള്ളിക്കും. ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ വാളുകൾ ഏഴില്ലക്കാർ എഴുന്നള്ളിച്ചു കൊണ്ടുവരും. ഇവയ്ക്കൊപ്പം ഇക്കരെ ക്ഷേത്രത്തിൽനിന്ന് ഭഗവാന്റെയും ഭഗവതിയുടെയും തിടമ്പുകളും അക്കരെ കൊട്ടിയൂരിലേക്കു യാത്രയാവും. വാളുകളും തിടമ്പും വാവലിപ്പുഴയിൽ ആറാടിച്ച് അക്കരെ എത്തിക്കും. ഇതിനുശേഷം മുൻവർഷം പൂർത്തിയാക്കാതെ നിർത്തിയ ആയിരംകുടം അഭിഷേകത്തോടെ തൃത്തറയിൽ പൂജകൾ തുടങ്ങും.

തിരുവോണം ആരാധന
പുലർച്ചെ പനയൂർ നമ്പൂതിരി സ്വയംഭൂ വിഗ്രഹത്തിലെ മാലകൾ നീക്കി 36 കുടം അഭിഷേകം ചെയ്തുകഴിഞ്ഞാൽ ഉഷപൂജ ആരംഭിക്കും. തുടർന്ന് ആരാധനാ പൂജ കഴിഞ്ഞശേഷം മുഖമണ്ഡപത്തിൽവച്ചു നിവേദ്യം പൂജിക്കും. ശീവേലിക്കു വിളിച്ചാൽ സ്വർണം, വെള്ളി തുടങ്ങിയ എഴുന്നള്ളത്ത് സാധനങ്ങൾ ഏഴില്ലക്കാർ എടുത്ത് മനുഷ്യങ്ങൾക്കു നൽകും. മനുഷ്യങ്ങൾ സ്ഥാനികർ ഒരുചുറ്റു പ്രദക്ഷിണം നടത്തിയാൽ ബ്രാഹ്മണർ ബലിബിംബങ്ങളെടുത്ത് ശീവേലിക്കൊപ്പം നടക്കും. അന്നുമുതൽ ശീവേലിക്കു വാദ്യങ്ങൾ ആരംഭിക്കും.

ശീവേലിക്ക് ദേവീ വിഗ്രഹം മുന്നിലും ഭഗവാന്റെ വിഗ്രഹം പിന്നിലുമായാണ് ഇവിടെ എഴുന്നള്ളിക്കുക. ആരാധനാ ദിവസങ്ങളിലെ ശീവേലിക്ക് പൊന്നിൻശീവേലി എന്നാണു പറയുക. പന്തീരടി പൂജ കഴിഞ്ഞാൽ തിടപ്പള്ളിയിൽവച്ച് ബ്രാഹ്മണർക്ക് ഊണുകൊടുക്കും. പകർച്ച എല്ലാ കയ്യാലകൾക്കും കൊടുക്കുന്നു. എല്ലാ ആരാധനാ ദിവസങ്ങളിലും ഇങ്ങനെയാണു ചടങ്ങുകൾ. തറയിൽ നിന്നു മാലയും പൂവും നീക്കംചെയ്താൽ ഓച്ചർമാർ അഷ്ടപതി, തായമ്പക എന്നിവ ആരംഭിക്കും.

തിരുവോണം, രേവതി, അഷ്ടപതി, രോഹിണി എന്നീ ആരാധനാ ദിവസങ്ങളിൽ അത്താഴപൂജയുടെ നവകത്തിനു മുൻപായി കരോത്ത് നായർ പഞ്ചഗവ്യത്തിനുള്ള സാധനങ്ങൾ മുഖമണ്ഡപത്തിൽവച്ച് മച്ചനെ ഏൽപ്പിക്കും. അന്നു പഞ്ചഗവ്യ അഭിഷേകവും കളഭ അഭിഷേകവും നടക്കും. കോട്ടയം കിഴക്കേകോവിലകം വകയാണ് തിരുവോണം ആരാധന. രേവതി ആരാധന തെക്കേകോവിലകം വകയും രോഹിണി ആരാധന പടിഞ്ഞാറേകോവിലകം വകയുമാണ്. ഈ മൂന്ന് ആരാധനയും പഴശി കോവിലകം വയയായാണു നടത്തുക.

മത്തവിലാസം കൂത്ത്
തിരുവഞ്ചിറയ്ക്കു തെക്കുഭാഗത്തുള്ള കൂത്തരങ്ങിലാണു മത്തവിലാസം കൂത്ത് നടക്കുക. ഇവിടെ കൂത്ത് നടത്താനുള്ള ജന്മാവകാശം ചാക്യാർകൂത്തിന്റെ കുലപതി മാണി മാധവ ചാക്യാരുടെ കുടുംബത്തിനാണ്. സന്താനഭാഗ്യം, ഇഷ്ടമംഗല്യഭാഗ്യം, സന്തോഷകരമായ കുടുംബജീവിതം എന്നീ കാര്യസാധ്യത്തിനായാണ് ഇവിടെ മത്തവിലാസം കൂത്ത് നടത്തുന്നത്. മൂന്നു ദിവസം കൊണ്ടാണ് ഒരു കൂത്ത് അവസാനിക്കുന്നത്. തിരുവോണം ആരാധന നാളിലാണ് കൂത്ത് ആരംഭിക്കുന്നത്. അത്തംനാളിൽ കൂത്ത് സമർപ്പണം നടത്തും. മണിത്തറയിലെ പൂജകളുമായി ബന്ധപ്പെടുത്തിയാണ് മത്തവിലാസം കൂത്ത് നടത്തുന്നത്. സന്ധ്യാനേരത്തെ കൂത്തിനിടയിൽ ചാക്യാർ മണിത്തറയിലെത്തി വേഷത്തോടെ നിന്ന് പ്രസാദവും വാങ്ങുന്ന ചടങ്ങുണ്ട്. മകം കലംവരവിനു സ്ത്രീകൾക്കു കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ പ്രവേശനം അവസാനിച്ചാലും നങ്ങ്യാരമ്മമാർ സന്നിധിയിൽ തന്നെ തുടരും.

ഇളനീർവയ്പ്
അഷ്ടമിക്കു ഭഗവദ് വിഗ്രഹത്തിൽ അഭിഷേകം നടത്താനുള്ള ഇളനീർക്കാവുകൾ സപ്തമി നാളിൽ തിരുവഞ്ചിറയിൽ എത്തിക്കും. ഇളനീരെത്തിക്കാൻ അധികാരപ്പെട്ടവരുണ്ട്. എരുവട്ടി, ആയിരത്തി, മുടിശ്ശേരി, മേക്കിലേരി, കുറ്റിയിൽ, കോവിലയത്ത്, തെയ്യൻ, കുറ്റിയാടി എന്നീ തണ്ടയന്മാരാണ് ഓങ്കാരധ്വനിയും ഹരിഗോവിന്ദ നാമാക്ഷരവും മുഴക്കി ഇളനീർക്കാവുകളുമായി എത്തുക. ഇളനീർക്കാവുമായി ആയിരങ്ങൾ മന്ദഞ്ചേരി മൈതാനത്ത് മുഹൂർത്തം കാത്തു നിൽക്കും. ഇളനീർ സമർപ്പിക്കാൻ സമയമായാൽ എരുവട്ടിക്കാവിൽനിന്ന് എഴുന്നള്ളിവരുന്ന ശ്രീ വീരഭദ്രൻ ഇളനീർക്കാരെ അനുഗ്രഹിക്കും. എത്രവെള്ളമുണ്ടായാലും വാവലിപ്പുഴ ഇറങ്ങിക്കടന്നാണ് ഇളനീർക്കാവുകൾ അക്കരെയെത്തിക്കുക. സ്ഥാനീയരായ എരുവട്ടി, മേക്കിലേരി, കുറ്റ്യാടി തണ്ടയന്മാർ എണ്ണയും ഇളനീരും കഞ്ഞിയും സമർപ്പിക്കുന്നതോടെയാണ് ഇളനീർവയ്പ് പൂർത്തിയാവുന്നത്.

ഇളനീരാട്ടം
തറ ശുചിയാക്കിയശേഷം രാവിലെ മുതൽ കാര്യത്തു കൈക്കോളന്റെ നേതൃത്വത്തിൽ ഇളനീർ ചെത്താൻ തുടങ്ങും. വൈകിട്ട് ആയിരം കുടം കഴിഞ്ഞ് ഒറ്റ നവകം ആടും. അന്ന് അത്താഴപൂജയും ശീവേലിയും ഉണ്ടാകില്ല. രാത്രി കൊട്ടേരികാവിൽ കുടികൊള്ളുന്ന മുത്തപ്പൻദൈവവും അകമ്പടിക്കാരും ഓടച്ചൂട്ടു കത്തിച്ചു ക്ഷേത്രത്തിലെത്തും. അകമ്പടിയായി കുറിച്യ യോദ്ധാക്കളുമുണ്ടാകും. ഇവർ കോവിലകം കയ്യാല കയ്യേറി കണ്ടതെല്ലാം കയ്യടക്കും.ദക്ഷയാഗം മുടിപ്പിച്ച ശിവഭൂതഗണങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് മുത്തപ്പൻസംഘം കയ്യാലകളിൽ അതിക്രമം നടത്തുക. ഏഴില്ലക്കാർ ചപ്പാരത്തിലെ വാൾ പുറത്തെടുത്താലേ മുത്തപ്പനും സംഘവും പിൻവാങ്ങുകയുള്ളൂ. ദൈവത്തിനു നമ്പീശൻ അരി ചൊരിഞ്ഞുകൊടുക്കുന്നതോടെ മുത്തപ്പൻ കൊട്ടേരികാവിലേക്കു തിരിച്ചുപോകും. തുടർന്നാണ് ഇളനീരഭിഷേകം.

ആലിംഗന പുഷ്പാഞ്ജലി
രോഹിണി ആരാധനയോടനുബന്ധിച്ചാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന കുറുമാത്തൂരില്ലത്തെ മുതിർന്ന കാരണവരാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ദക്ഷനാൽ അപമാനിതയായി യാഗാഗ്നിയിൽ സതീദേവി എരിഞ്ഞടങ്ങിയത് അറിഞ്ഞ് ഉഗ്രകോപിയായ ശിവനെ വിഷ്ണു ഭഗവാൻ ആലിംഗനം ചെയ്തു സാന്ത്വനിപ്പിച്ചതിന്റെ അനുസ്മരണമായാണത്രെ ഇൗ ചടങ്ങ് നടത്തുന്നത്. രോഹണി ആരാധനയ്ക്കു തലേന്ന് കുറുമാത്തൂർ ഇല്ലത്തെ കാരണവരും പരിവാരങ്ങളും മണത്തണ ശ്രീകുണ്ടേൻ ക്ഷേത്രത്തിൽ എത്തും.

കുളിയും തേവാരവും കഴിഞ്ഞാൽ ആക്കൽ തറവാട്ടിൽനിന്നും താംബൂലം നൽകി ക്ഷണിക്കണം. അന്ന് അവിടെ താമസിക്കുന്ന കുറുമാത്തൂർ പിറ്റേന്ന് അക്കരെ കൊട്ടിയൂരിലെത്തിയാൽ ആക്കൽ കയ്യാലയിലാണു വിശ്രമിക്കേണ്ടത്. പുഷ്പാഞ്ജലിക്ക് സമയമായാൽ തീർഥക്കുളത്തിൽ കുളിച്ച് മുഖമണ്ഡപത്തിലെത്തും. അപ്പോൾ ഉഷ കാമ്പ്രം കൈപിടിച്ചു മണിത്തറയിൽ കയറ്റി ഇരുത്തണം. മണിത്തറയിൽ പനയൂരും താഴെ പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികർമികളാകണം. കുറുമാത്തൂർ തറയിൽ കയറിയാൽ വാദ്യക്കാർ ദ്രുദഗതിയിൽ വാദ്യങ്ങൾ മുഴക്കും. ആലിംഗന പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂർ തറയിൽ നിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടരണം.

തിരുവാതിര ചതുശ്ശതം
വലിയവട്ടളം പായസ നിവേദ്യങ്ങളിൽ ആദ്യത്തേതു നടക്കുന്നത് തിരുവാതിര ചതുശ്ശതത്തിലാണ്. ഇത്തവണ ജൂൺ പത്തിനാണു തിരുവാതിര ചതുശ്ശതം. പന്തീരടി പൂജയ്ക്കൊപ്പമാണ് വലിയവട്ടളം പായസം പെരുമാളിനു നിവേദിക്കുക. പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാടാണ് വലിയവട്ടളം നിവേദ്യം ചെയ്യുക. തിടപ്പള്ളിയിൽവച്ച് ബ്രാഹ്മണർ ചേർന്നാണ് 101 നാഴി അരി, 200 നാളികേരം, 100 റാത്തൽ ശർക്കര എന്നിവ ഉപയോഗിച്ചു പായസം ഉണ്ടാക്കുക. ഇതിൽ ചേർക്കുന്ന മറ്റു മേമ്പൊടികൾ എന്തൊക്കെയാണെന്നതു രഹസ്യമാണ്. പുണർതം, ആയില്യം, അത്തം നാളുകളിലും വലിയവട്ടളം പായസം നിവേദിക്കും. ഇതിൽ പുണർതം നാളിലെ നിവേദ്യം ജൂൺ 11നും ആയില്യം നാളിലെ നിവേദ്യം ജൂൺ 14നുമാണു നടക്കുക.

മകം നാളിൽ കലംവരവ്
മകം നാളിലാണു കലംവരവ്. രാത്രിയിൽ അക്കരെ സന്നിധിയിൽ ഗൂഢപൂജകൾ തുടങ്ങും. മുഴക്കുന്നിനടുത്ത നല്ലൂരിൽനിന്ന് നല്ലൂരാൻ എന്ന കുലാലസ്ഥാനികൻ കലപൂജകൾക്കായുള്ള മൺകലങ്ങൾ കൊട്ടിയൂരിലെത്തിക്കുന്നതോടെയാണ് ഗൂഢപൂജകൾ തുടങ്ങുക. സന്ധ്യയോടെ കലമെഴുന്നള്ളത്തു കൊട്ടിയൂരിലെത്തിച്ചേരും. ആ സമയത്തു സന്നിധാനത്തു മറ്റാർക്കും പ്രവേശനമില്ല. മാത്രമല്ല മണിത്തറയിലെ വിളക്കുകളല്ലാതെ മറ്റെല്ലാ പ്രകാശങ്ങളും സന്നിധാനത്തുനിന്നും ഒഴിവാക്കും. മണിത്തറയിൽ പനയൂർ നമ്പൂതിരി മാത്രം ഉണ്ടാവും. അദ്ദേഹം പുറംതിരിഞ്ഞിരിക്കും. ഇൗ സമയത്താവും 12 അംഗ കലം സംഘം സന്നിധാനത്തു പ്രവേശിക്കുക. സംഘം കലങ്ങൾ സമർപ്പിച്ചു പ്രസാദം വാങ്ങി കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിൽ കയറി ഭക്ഷണം കഴിക്കും. അപ്പോൾ മാത്രമേ വീണ്ടും സന്നിധാനത്തു മറ്റു വിളക്കുകൾ തെളിയിക്കൂ.മകം നാളിൽ ഉച്ചയ്ക്കു ശീവേലി വരെ മാത്രമേ സ്ത്രീകൾക്ക് അക്കരെ ദർശനം അനുവദിക്കൂ. ശീവേലി കഴിഞ്ഞ് ആനയൂട്ട് നടത്തും. തുടർന്ന് ആനകൾ പുറകോട്ടു നടന്നു പടിഞ്ഞാറെ നട വഴി ഇക്കരേക്കു മടങ്ങും. കൂത്തമ്പലത്തിലെ നങ്ങ്യാരമ്മമാർ മാത്രം സന്നിധാനത്തു തുടരും. അത്തം ചതുശ്ശതം കലശപൂജ വരെ കൊട്ടിയൂരിൽ പ്രത്യേക ആരാധനകളോ പ്രത്യേക പൂജകളോ ഇല്ല. നിത്യപൂജകൾ തുടരും.

കലശപൂജ
പതിവുള്ള ആയിരംകുടം അഭിഷേകത്തിനു ശേഷം അത്തം നാളിൽ തന്ത്രിമാർക്ക് കൂറയും പവിത്രവും മറ്റ് അവകാശികൾക്കു കൂറയും കൊടുക്കും. തുടർന്നാണു കലശപൂജ തുടങ്ങുക. മിഥുനത്തിലെ ചിത്തിരനാളിലെ തൃക്കലശാട്ടോടെയാണ് ഉൽസവ സമാപനം. നീരെഴുന്നള്ളത്തു മുതൽ കലപൂജ വരെയുള്ള അക്കരെ കൊട്ടിയൂരിലെ ഓരോ ചടങ്ങും പ്രകൃതിയുമായി ഇഴചേർന്നുകിടക്കുന്നു. മണിത്തറയ്ക്കു മുകളിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക കോവിൽ തൃക്കലശാട്ടിനു ശേഷം പൊളിച്ചു തിരുവഞ്ചിറയിലേക്കിടും. ഭഗവൽ സ്വയംഭൂ വിഗ്രഹം അഷ്ടബന്ധംകൊണ്ടു മൂടി സ്ഥാനീയരെല്ലാം മടങ്ങുന്നതോടെ അക്കരെ കൊട്ടിയൂരിലേക്കുള്ള വഴികൾ അടയ്ക്കും. വീണ്ടും ഒരുവർഷം നീളുന്ന നിശ്ശബ്ദതയിലേക്ക് വനഭൂമി വഴുതിവീഴും..

കലശാട്ടവും വറ്റടിയും
സ്വയംഭൂവിൽ കളഭാഭിഷേകം ചെയ്തു പെരുമാൾക്ക് പൂർണപുഷ്പാഞ്ജലി അർപ്പിച്ചു യാത്രാബലി നടത്തി അടിയന്തിരക്കാരും തന്ത്രിമാരും ആചാര്യൻമാരും ഇക്കരേക്കു പോന്നതോടെ 27 ദിവസം നീളുന്ന കൊട്ടിയൂർ വൈശാഖോൽസവത്തിനു സമാപ്തിയാകും. സമാപന ദിവസം പുലർച്ചെയോടെ കലശപൂജകൾ കലശമണ്ഡപത്തിൽ പൂർത്തിയാകും. അമ്മാറയ്ക്കൽ തറയിലെ കൂറ്റൻ കുട തിരുവഞ്ചിറയിൽ നിക്ഷേപിക്കും. മണിത്തറയിലെ വിളക്കും ഇറക്കും.

അടിയന്തിരക്കാർ ചേർന്നു താൽക്കാലിക ശ്രീകോവിൽ ആചാരപ്രകാരം പൊളിച്ചുനീക്കി തിരുവഞ്ചിറയിൽ വടക്കുപടിഞ്ഞാറു ഭാഗങ്ങളിലായി നിക്ഷേപിക്കും. തുടർന്നാണ് തൃക്കലശാട്ടം. തന്ത്രിമാരും സഹകാർമികരും ചേർന്നു സ്വർണം, വെള്ളി കുംഭങ്ങളിൽ നിറച്ച കളഭം സ്വയംഭൂ വിഗ്രഹത്തെ അഭിഷേകം ചെയ്താണു കലശാട്ടം പൂർത്തിയാക്കുക.തുടർന്നു കോഴിക്കോട്ടിരിയുടെ പൂർണപുഷ്പാഞ്ജലി. ശേഷം കുടിപതികളുടെ തണ്ടിൻമേൽ ഉൗണ് തിടപ്പള്ളിയിൽ നടക്കും. തറ വൃത്തിയാക്കി വീണ്ടും ഭണ്ഡാരഅറയ്ക്കു മുൻപിൽ അടിയന്തിര യോഗം. ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും കൂത്തമ്പലത്തിലേക്കു മാറ്റും. തുടർന്നു മുതിരേരി വാൾ സ്വയംഭൂവിനെ പുണർന്നശേഷം തിരിച്ചു മുതിരേരിയിലേക്കു മടങ്ങും.

അമ്മാറയ്ക്കൽ തറയിൽ തൃച്ചന്ദനപ്പൊടിയഭിഷേകം നടത്തിയ ശേഷം ഭണ്ഡാരങ്ങളും ബലിബിംബങ്ങളും സഹിതം സകലരും ഇക്കരെ കടക്കും. തന്ത്രി കോഴിക്കോട്ടിരി മാത്രം മണിത്തറയിൽ സന്നിഹിതനായി യാത്രാബലി നടത്തും. മണിത്തറ മുതൽ കിഴക്കു കല്ലൻതോടു വരെയും പടിഞ്ഞാറ് പാമ്പറപ്പാൻ തോട് വരെയും കോഴിക്കോട്ടിരി നമ്പൂതിരി ഹവിസ്സ് തൂകും. പടിഞ്ഞാറെത്തി പരികർമിയെ തട്ടം കൊടുത്തു തിരിച്ചയച്ച ശേഷം തിരിഞ്ഞുനോക്കാതെ തന്ത്രി കൊട്ടിയൂരിനു പുറത്തേക്കു നടക്കും.അക്കരെയെത്തുന്ന ആചാര്യൻ ചോറ് നിവേദിച്ച് നാളം അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്യുന്ന ചടങ്ങാണു വറ്റടി. ഇതിനുശേഷം ഇവർ ഇടബാവലി കടന്നാൽ പടുകൂറ്റൻ മതിൽക്കെട്ടുള്ള സന്നിധാനത്തിന്റെ മൂന്നു കവാടങ്ങളും അടുത്ത 11 മാസക്കാലത്തേക്ക് അടയ്ക്കും. ഇനി നട തുറക്കണമെങ്കിൽ അടുത്ത വൈശാഖ കാലം വരണം.